.jpg)
യുഎന്‍ സമാധാന സംഘത്തിന് നേരെ ഇസ്രായേൽ ആക്രമണം, രണ്ട് പേർക്ക് പരിക്ക്, പ്രതിഷേധവുമായി ലോകരാജ്യങ്ങൾ
യുഎന്‍ സമാധാനസംഘത്തിന് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ത്തതിൽ രണ്ട് സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇസ്രായേൽ നടപടി അന്താരാഷ്ട്രാ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന് യുഎൻ സമാധാന സേന വ്യക്തമാക്കി.
ലെബനനിൽ യുഎൻ ഇടക്കാല സേനയിലേക്ക് (യൂണിഫിൽ) സൈനികരെ നൽകിയ യുഎൻ അംഗരാജ്യങ്ങളും ഇസ്രായേൽ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി. യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രായേൽ ഇതിനകം തന്നെ ലോകവ്യാപകമായി വിമർശനം നേരിടുന്നുണ്ട്.
ഗാസയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തെ നശിപ്പിക്കാനുള്ള പ്രവർത്തനമാണ് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച യുഎൻ റിപ്പോർട്ട് കുറ്റപ്പെടുത്തി, ഈ ഉന്മൂലനം യുദ്ധക്കുറ്റകൃത്യവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ലെബനനിലെ സമാധാന ദൗത്യ സംഘത്തിനെതിരായ ഇസ്രായേൽ ആക്രമണം.
അതിർത്തിയിലെ ഒരു യുഎൻ നിരീക്ഷണ പോസ്റ്റിൽ ഇസ്രായേൽ സേനയുടെ നടപടി രണ്ട് ദിവസം മുമ്പ് വിവാദമായിരുന്നു. യുഎൻ സമാധാന സേന പോസ്റ്റിന് മുന്നിൽ ഇസ്രായേൽ സൈന്യം രണ്ട് ഡസനിലധികം ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും കൊണ്ട് വലയം ചെയ്തു. ഇതേ തുടർന്ന് ഇസ്രായേൽ സേനയും ഐറിഷ് സമാധാന സേനാംഗങ്ങളും തമ്മിൽ തർക്കമുണ്ടായി. ഇത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് യുണിഫിൽ കേന്ദ്രത്തിന് നേരെ ഇസ്രായേൽ ആക്രമണം ഉണ്ടായത്. ഐറിഷ് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, യുഎൻ നേതാക്കൾ ഒക്കെ ഇടപെട്ടതിനെ തുടർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഇസ്രായേൽ സൈന്യം അവരുടെ സൈനികായുധ വാഹനങ്ങൾ മാറ്റാൻ തയ്യാറായത്.
ലെബനീസ് അതിർത്തിക്ക് വടക്ക് നകൗരയിലെ യുഎൻ സമാധാന സംഘത്തിൻറെ ആസ്ഥാനത്തുള്ള നിരീക്ഷണ ടവറിന് നേരെ ഇസ്രായേൽ ടാങ്ക് വെടിയുതിർക്കുകയും രണ്ട് ഇന്തോനേഷ്യൻ സമാധാന സേനാംഗങ്ങൾ പരിക്കേൽക്കുകയും ചെയ്തുവെന്ന് യൂണിഫിൽ പറഞ്ഞു. യുഎന്‍ സമാധാനസേനയുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിൽ കമ്യൂണിക്കേഷന്‍ സിസ്റ്റം തകരാറിലാക്കുകയും ചെയ്തു.
ഈ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഇസ്രായേൽ, ലെബനീസ് ഉദ്യോഗസ്ഥരുമായി സമാധാന സേനാംഗങ്ങൾ ത്രികക്ഷി യോഗം നടത്തിയിരുന്നു. എന്നിട്ടും ഇസ്രായേലി സേന “ബോധപൂർവ്വം വെടിയുതിർത്തു” എന്നും യൂണിഫിൽ പറഞ്ഞു.
സമാധാന സേനാംഗങ്ങൾക്ക് നേരെയുള്ള ഏതൊരു ബോധപൂർവമായ ആക്രമണവും "അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെയും 1701 ലെ സുരക്ഷാ കൗൺസിൽ പ്രമേയത്തിൻ്റെയും ഗുരുതരമായ ലംഘനമാണ്" എന്ന് യുണിഫിൽ പറഞ്ഞു. ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയില്‍ അന്താരാഷ്ട്രതലത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു.
യുണിഫിൽ സൈനികരെ അയച്ചിട്ടുള്ള ഐറിഷ് സർക്കാർ, തങ്ങളുടെ സമാധാന സേനാംഗങ്ങൾക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് പറഞ്ഞു, എന്നാൽ സമാധാന സേനാംഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ "ഒരിക്കലും വെച്ചുപൊറുപ്പിക്കാനോ അംഗീകരിക്കാനോ കഴിയില്ല" എന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു.
ഐറിഷ് അംഗങ്ങൾക്ക് പുറമെ യുണിഫില്ലിൽ ഫ്രാൻസ്, ഇറ്റലി, ഇന്തോനേഷ്യ, മലേഷ്യ, ഘാന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും അംഗങ്ങളാണ്.
യുണിഫിൽ താവളങ്ങൾക്ക് നേരെ വെടിയുതിർക്കുന്നത് “തികച്ചും അസ്വീകാര്യമാണ്” വ്യക്തമായും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണ് ഇസ്രായേൽ ചെയ്തതെന്നും ഇറ്റലിയുടെ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ പറഞ്ഞു, ആക്രമണത്തെ അപലപിച്ച ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഇസ്രായേലിൽ നിന്നുള്ള വിശദീകരണം കാത്തിരിക്കുകയാണെന്നും അറിയിച്ചു.
പലസ്തീന് നേരെ ഇസ്രായേൽ യുദ്ധം തുടങ്ങിയ ശേഷമുള്ള 12 മാസത്തിനിടെ തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നും യുഎന്‍ പറഞ്ഞു.