PHOTO: PTI
വെസ്റ്റ് ബാങ്കിലെ ആശുപത്രിയില്‍ ഇസ്രയേല്‍ ആക്രമണം; മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു
വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിലെ ആശുപത്രിക്കുള്ളില്‍ മെഡിക്കല്‍ സ്റ്റാഫിന്റെ വേഷം ധരിച്ച ഇസ്രയേല്‍ കമാന്‍ഡോകള്‍ മൂന്ന് പലസ്തീനികളെ വെടിവച്ചു കൊന്നു. ആശുപത്രിക്കിടക്കയില്‍ വച്ച് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മുന്‍പ് ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ശരീരം തളര്‍ന്നു വീല്‍ചെയറിലായ ബേസില്‍ അല്‍ ഗസാവിയും സഹോദരനും സുഹൃത്തുമാണ് കൊല്ലപ്പെട്ടത്. പത്തിലേറെ സൈനികര്‍ വേഷം മാറി നടത്തിയ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്ന് പേരും തീവ്രവാദികളാണെന്നും അവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും ഇസ്രയേല്‍ വിശദീകരണം നല്‍കി.
ഇസ്രയേല്‍ സൈന്യം ഇതുവരെ ജെനിനിലെ മൂന്ന് പലസ്തീന്‍ ആശുപത്രികളാണ് ആക്രമിച്ചിട്ടുള്ളത്. എന്നാല്‍ ഇതാദ്യമായാണ് ഒരു സിവിലിയന്‍ മെഡിക്കല്‍ സ്ഥാപനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്.
ഇത് നന്നായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍
ഹമാസിന്റെ കൈവശമുള്ള നൂറിലധികം ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രയേല്‍ ആറ് ആഴ്ചത്തേക്ക് വെടിനിര്‍ത്തുമെന്ന കരാറിലേക്കെത്തിയിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് ഇസ്രയേല്‍ ഈ കരാറിലേക്കെത്തിയത്. എന്നാല്‍ താല്‍ക്കാലികമായ വെടിനിര്‍ത്തല്‍ അല്ല ഹമാസിന്റെ ആവശ്യമെന്നും സ്ഥിരമായ വെടിനിര്‍ത്തലും ഇസ്രയേലിന്റെ പൂര്‍ണമായ പിന്‍മാറ്റവുമാണെന്നും പലസ്തീന്‍ നാഷണല്‍ അതോറിറ്റിയുടെ പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയേ വ്യക്തമാക്കി. സമ്പൂര്‍ണ വിജയം കൈവരിക്കാതെ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. ഒക്ടോബര്‍ 7ന് തുടങ്ങിയ യുദ്ധത്തില്‍ ഇതുവരെ 26,751 ലധികം ആളുകളാണ് കൊല്ലപ്പെട്ടത്.