REPRESENTATIVE IMAGE: PTI
ഗാസയിലെ ആശുപത്രികള്‍ക്കുള്ളില്‍ കടന്ന് ഇസ്രയേല്‍ സൈന്യം
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയ്ക്കുള്ളില്‍ ഇസ്രയേല്‍ സൈന്യം കടന്നതായി റിപ്പോര്‍ട്ടുകള്‍. സൈനിക ടാങ്കുകളും നൂറോളം സൈനികരും ആശുപത്രിക്കുള്ളില്‍ കടന്നതായി സാക്ഷികളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ആരും അനങ്ങരുത് എന്ന് അറബിയില്‍ വിളിച്ചു പറഞ്ഞുകൊണ്ടാണ് ഇവര്‍ ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചത്. ഗാസയിലെ പ്രധാന ആശുപത്രികളില്‍ ഒന്നായ അല്‍ ഖദ്‌സും ഇസ്രയേല്‍ സേനയുടെ നിയന്ത്രണത്തിലാണ്. ഗാസ നഗരം പൂര്‍ണമായും വരുതിയിലാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള നീക്കം ഇസ്രയേലിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. സൈന്യം ആശുപത്രിയില്‍ അതിക്രമിച്ചു കയറാന്‍ കാരണം യുഎസ് പ്രസിഡന്റ് ജോ ബൈഡനാണെന്ന് ഹമാസ് പ്രതികരിച്ചു. ആശുപത്രിയില്‍ ഹമാസിന്റെ കേന്ദ്രമുണ്ടെന്ന ഇസ്രയേലിന്റെ ആരോപണം ബൈഡന്‍ ശരിവെച്ചതാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കത്തിനു കാരണം എന്ന് ഹമാസ് വ്യക്തമാക്കി.
ഹമാസ് അംഗങ്ങള്‍ കീഴടങ്ങണം: ഇസ്രയേല്‍
അല്‍ ഷിഫ ആശുപത്രിയില്‍ 700 ലധികം രോഗികളും 400 ലധികം ജീവനക്കാരും അഭയം തേടിയെത്തിയ 3,000 ത്തോളം പേരും ഉണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അല്‍ ഷിഫയിലാണ് ഹമാസിന്റെ മുഖ്യ നിയന്ത്രണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇസ്രയേല്‍ ആരോപണം. ഇസ്രയേലിന്റെ ഈ ആരോപണത്തെ ഇന്റലിജന്‍സ് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി യുഎസും അനുകൂലിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലെ രോഗികളെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കുന്നു എന്ന ഇസ്രയേല്‍ വാദത്തെ ഹമാസ് നിഷേധിക്കുകയാണ്. ഗാസയിലെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ ആശുപത്രികളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ആശുപത്രികളില്‍ ആയുധം സൂക്ഷിച്ചിട്ടുണ്ടെന്നുമുള്ള ഇസ്രയേല്‍ ആരോപണവും ഹമാസ് എതിര്‍ക്കുന്നു. സൈനിക ആവശ്യങ്ങള്‍ക്കായി ആശുപത്രികള്‍ ഉപയോഗിക്കരുതെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയതാണെന്നും അല്‍ ഷിഫയില്‍ ഒളിവില്‍ കഴിയുന്ന ഹമാസ് അംഗങ്ങള്‍ എത്രയും പെട്ടന്ന് കീഴടങ്ങണമെന്നുമാണ് ഇസ്രയേല്‍ പറയുന്നത്.
ഗാസയില്‍ കൊല്ലപ്പെട്ടത് 102 യുഎന്‍ ഉദ്യോഗസ്ഥര്‍
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 102 യുഎന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎന്‍ ഏജന്‍സിയാണ് കണക്കുകള്‍ വ്യക്തമാക്കിയത്. 27 ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍ കുടുംബത്തോടെയാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ ഇത്രയധികം ഉദ്യോഗസ്ഥര്‍ മരിക്കുന്നത് ആദ്യമായാണ്. മരിച്ചവരോടുള്ള ആദര സൂചകമായി യുഎന്‍ ഓഫീസുകളില്‍ പതാക താഴ്ത്തിക്കെട്ടുകയും മൗനം ആചരിക്കുകയും ചെയ്തു.