ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ | PHOTO: FLICKR
ഇസ്രയേല്‍-ഹമാസ് യുദ്ധം; യുദ്ധമുന്നണി രൂപീകരിക്കുമെന്ന് ഇറാന്‍
ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലിനു മുന്നറിയിപ്പുമായി ഇറാന്‍. ഗാസയ്ക്കു നേരെ ആക്രമണം തുടര്‍ന്നാല്‍ യുദ്ധമുന്നണിക്ക് രൂപം നല്‍കും എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ വ്യക്തമാക്കി. യുദ്ധമുന്നണി രൂപീകരിക്കണം എന്ന ആവശ്യവുമായി മറ്റുചില രാജ്യങ്ങള്‍ സമീപിച്ചതായും ഹുസൈന്‍ അമീര്‍ അറിയിച്ചു.
മരണത്തുരുത്താകും
വ്യോമാക്രമണം കടുത്തതോടെ ഗാസയിലെ ജനങ്ങള്‍ ദുരിതത്തിലാണ്. വൈദ്യുതിയും ഇന്ധന വിതരണവും പൂര്‍ണ്ണമായും നിലച്ച സാഹചര്യത്തില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ ജനങ്ങള്‍ പട്ടിണിയിലാണ്. ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2400 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
ഇസ്രയേല്‍ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ഗാസ മരണത്തുരുത്താകുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പു നല്‍കി. ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കളോ കുടിവെള്ളമോ ലഭിക്കാനില്ല. ആശുപത്രികളിലുള്‍പ്പെടെ വൈദ്യുതി നിലച്ചതോടെ ഓക്‌സിജന്‍ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുടങ്ങി. 3.38 ലക്ഷം പേര്‍ ഇതുവരെ ഗാസയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനും വെടിനിര്‍ത്താനും ഖത്തറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഓപ്പറേഷന്‍ അജയ്; ആദ്യ വിമാനം എത്തി
ഓപ്പറേഷന്‍ അജയുടെ ഭാഗമായുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി. 212 പേരെയാണ് ഇസ്രയേലില്‍ നിന്ന് തിരിച്ച് ഇന്ത്യയിലെത്തിച്ചത്. 9 മലയാളികളുള്‍പ്പെടുന്ന സംഘം ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ഡല്‍ഹിയില്‍ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തിയാണ് ഇവരെ സ്വീകരിച്ചത്. ഇസ്രയേലില്‍ 18,000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.