.jpg)
നസ്രള്ളയുടെ പിൻഗാമികളെ വധിച്ചുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളിൽ നസ്രള്ളയുടെ പിൻഗാമികളെയും വധിച്ചുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയ്ക്കെതിരെ തെക്കൻ ലെബനനിൽ കരയുദ്ധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ.
ഹിസ്ബുല്ലയുടെ ശക്തി സാരമായി കുറയ്ക്കാൻ സാധിച്ചു. ഹസൻ നസ്രള്ളയും, നസ്രള്ളയുടെ പകരക്കാരനെയും, പകരക്കാരന്റെ പകരക്കാരനുമടങ്ങുന്ന ആയിരത്തോളം തീവ്രവാദികളെ തങ്ങൾ വധിച്ചുവെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നസ്രള്ളയുടെ പകരക്കാരനാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ഹാഷിം സാഫിദീൻ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി യോആവ് ഗാലന്റ് പറഞ്ഞു. പകരക്കാരന്റെ പകരക്കാരനെന്ന് നെതന്യാഹു ഉദ്ദേശിച്ചത് ആരെയാണെന്ന് വ്യക്തമല്ല.
സാഫിദീൻ, ഹിസ്ബുല്ലയുടെ ആസ്ഥാനത്തുള്ളതായി ഇസ്രായേലിന് വിവരം ലഭിച്ചിരുന്നുവെന്ന് ഡാനിയേൽ ഹഗാരി പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് വ്യോക്രമണത്തിൽ ഇസ്രായേൽ ഹിസ്ബുല്ലയുടെ ആസ്ഥാനം തകർത്തത്. ആക്രമണത്തിന് ശേഷം സാഫിദീനിനെക്കുറിച്ച് യാതൊരു വിവരവുമില്ല.
കഴിഞ്ഞ പല വർഷങ്ങളെ അപേക്ഷിച്ച് ഇന്ന് ഹിസ്ബുല്ല വളരെ ദുർബലരാണെന്ന് നെതന്യാഹു പറഞ്ഞു. കമാൻഡറുകളും, പ്രാദേശിക നേതൃത്വവും ഉൾപ്പടെ ഹിസ്ബുല്ലയുടെ അമ്പതോളം പേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഭൂമിക്കടിയിലെ യന്ത്രോപകരണങ്ങളെ ലക്ഷ്യംവച്ചായിരുന്നു ഇസ്രായേൽ ആക്രമണം.
ഗാസയ്ക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പശ്ചിമേഷ്യൻ പ്രദേശങ്ങളിൽ സംഘർഷം വർദ്ധിച്ചുവരുന്നത്. ഗാസയിൽ നിന്ന് ആക്രമണം ലെബനനിലേക്ക് വ്യാപിച്ചു. അതിന് ശേഷം ഇറാൻ- ഇസ്രായേൽ സംഘർഷത്തിലേക്കും അത് നീങ്ങിയിരിക്കുകയാണ്.