
ലെബനനിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ കൂട്ട പലായനം ചെയ്ത് ജനങ്ങൾ; യു എസ് ഇടപെടണമെന്ന് ലെബനനൻ
ലെബനനിൽ ആക്രമണം ശക്തിപ്പെടുത്തുകയാണ് ഇസ്രായേൽ. ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 50 കുട്ടികളടക്കം 569 പേർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകൾ തെക്കൻ ലെബനനിൽ നിന്ന് പലായനം ചെയ്യുന്നതായി ലെബനനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പലായനം ചെയ്തവർ സ്കൂളുകളിലും,മറ്റ് കെട്ടിടങ്ങളിലുമാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ആക്രമണം അവസാനിപ്പിക്കാൻ യു എസ് ഇടപെടണമെന്ന് ലെബനനൻ മന്ത്രാലയം പറഞ്ഞു. ബെയ്‌റൂട്ടിലെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ മുഹമ്മദ് ഖുബൈസി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം മുഹമ്മദ് ഖുബൈസിയെ ലക്ഷ്യമിട്ടാണ് ബെയ്റൂട്ടിലെ ഗൊബെയ്റിയിൽ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അറിയച്ചതിന് പിന്നാലെ, ബുധനാഴ്ച പുലർച്ചെ എക്സി (X )ൽ ഇബ്രാഹിം മുഹമ്മദ് ഖുബൈസി കൊല്ലപ്പെട്ടതായി ഹിസ്ബുല്ല അറിയിച്ചു. ഹിസ്ബുല്ലയുടെ നിരവധി മിസൈൽ, റോക്കറ്റ് യൂണിറ്റുകൾക്ക് നേതൃത്വം നൽകിയിരുന്ന ഹജ്ജ് അബു മൂസ എന്നറിയപ്പെടുന്ന ഖുബൈസി, മൂന്ന് ഇസ്രായേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നും, 2,000 ആക്രമണത്തിന് ഉത്തരവാദിയാണെന്നും ഇസ്രായേൽ ആരോപിക്കുന്നുണ്ട്.
ഒക്ടോബറിൽ പലസ്തീനെതിരെ ഇസ്രായേൽ യുദ്ധം ആരംഭിച്ചത് മുതൽ ചെറിയ രീതിയിലുള്ള ഏറ്റുമുട്ടലുകൾ ഇസ്രായേൽ-ലെബനീസ് അതിർത്തിയിലുടനീളം ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ലെബനനിലെ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമിട്ട് പേജറുകളും വാക്കി-ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിരവധി പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച മുതലുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ ലെബനനിൽ കുട്ടികളും സ്ത്രീകളും ഉൾപ്പടെ 569 പേരാണ് കൊല്ലപ്പെട്ടത്. 1,835 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച ഹിസ്ബുല്ല 300 ഓളം റോക്കറ്റുകൾ ഇസ്രായേലിലേക്ക് വിക്ഷേപിച്ചിരുന്നു. അപകടത്തിൽ ആറ് സാധാരണക്കാർക്കും സൈനികർക്കും പരിക്കേറ്റതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേലിൻ്റെ ബോംബാക്രമണം അനവധി പേരെയാണ് രാജ്യം വിടാൻ നിർബന്ധിതരാക്കുന്നത്.
ആക്രമണം രൂക്ഷമായതിനെ കുറിച്ച് ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ബുധനാഴ്ച യോഗം ചേരുന്നുണ്ട്. ലെബനനിലെ ആക്രമണത്തിൽ നാമെല്ലാവരും പരിഭ്രാന്തരാകണം, ലെബനനൻ യുദ്ധത്തിന്റെ വക്കിലാണ്. ലെബനനിലെ ജനങ്ങൾക്കും ഇസ്രായേൽ ജനതയ്ക്കും, ലോകജനതയ്ക്കും ലെബനനൻ മറ്റൊരു ഗാസയായി മാറാൻ കഴിയില്ല എന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയിൽ നിരവധി ലോക നേതാക്കളാണ് ഇസ്രായേൽ ആക്രമണത്തെ അപലപിച്ചത്. ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആരോപിച്ചു. പലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ 41,467 പേർ കൊല്ലപ്പെടുകയും 95,921 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിൽ ഒക്ടോബർ ഏഴിന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളിൽ 1,139 കൊല്ലപ്പെടുകയും 200 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.