PHOTO: ISRO.IN
സൂര്യനിലേക്ക് ഐഎസ്ആര്‍ഒ; ആദിത്യ എല്‍ 1 വിക്ഷേപണസജ്ജം
ചന്ദ്രനു പിന്നാലെ സൂര്യനെക്കുറിച്ചും പഠിക്കാനൊരുങ്ങി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. ഇന്ത്യയുടെ സൗരദൗത്യത്തിന് ആദിത്യ എല്‍ വണ്‍ പേടകമാണ് വിക്ഷേപിക്കുക. സൂര്യനെക്കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ സൗരദൗത്യത്തിന് തയ്യാറെടുത്ത് വരികയാണെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. വിക്ഷേപണ തീയതി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് അവസാനമോ സെപ്തംബര്‍ ആദ്യമോ വിക്ഷേപണം ഉണ്ടായേക്കുമെന്നാണ് സൂചന.
അസംബ്ലിങ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി വിക്ഷേപണ വാഹനത്തെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ എത്തിച്ചതായും ഐഎസ്ആര്‍ഒ അധികൃതര്‍ വ്യക്തമാക്കി. ബെംഗലൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് പേടകം വികസിപ്പിച്ചത്.
സൂര്യനും ബാഹ്യവലയങ്ങളും നിരീക്ഷണത്തിലാകും
ഭൂമിക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലാഗ്‌റേഞ്ച് പോയിന്റുകളില്‍ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ പോയിന്റ്. ഗ്രഹണം അടക്കമുള്ള തടസ്സങ്ങള്‍ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാന്‍ ഈ പോയിന്റിലെത്തുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
സൂര്യനെയും അതുമൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാന്‍ സാധിക്കും. ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറമെയുള്ള ഭാഗമായ കൊറോണ എന്നിവയെ വൈദ്യുത കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്ടറുകള്‍ വഴി നിരീക്ഷിക്കുന്നതിനായി ഏഴ് പേലോഡുകള്‍ പേടകത്തിലുണ്ടായിരിക്കും. ഇതില്‍ നാലെണ്ണം നേരിട്ട് സൂര്യനെ നിരീക്ഷിച്ചുകൊണ്ടിരിക്കും. ഭൂമിയില്‍ നിന്ന് സൂര്യന്റെ അതേ ദിശയിലായിരിക്കും പേടകം സഞ്ചരിക്കുക.
നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് സൂര്യനില്‍ നടന്നുകൊണ്ടിരിക്കുന്നത്. കോറോണല്‍ ഹീറ്റിങ് മൂലമുള്ള പ്രശ്‌നങ്ങള്‍, കൊറോണല്‍ മാസ് ഇജക്ഷന്‍, പ്രി-ഫ്‌ളെയര്‍ പ്രവര്‍ത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്‌സ് എന്നിവയെക്കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ സൗരദൗത്യത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
സൗരാന്തരീക്ഷത്തിലെ ക്രോമോസ്ഫിയറും കൊറോണയും നിരീക്ഷിക്കുന്നതിനാണ് ആദ്യത്യ എല്‍ 1 ന്റെ ഉപകരണങ്ങള്‍ പ്രധാനമായും ട്യൂണ്‍ ചെയ്തിരിക്കുന്നത്. സൂര്യന്റെ ഉപരിതല അന്തരീക്ഷത്തിന്റെ ചലനാത്മകതയെ കുറിച്ച് പഠിക്കാനാണ് പ്രധാനമായും സൗരദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
വിഇഎല്‍സി നിര്‍ണായകം
ആദിത്യ എല്‍ 1 ന്റെ ഏഴ് പേലോഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണഗ്രാഫ് (വി.ഇ.എല്‍.സി.) എന്ന പേലോഡ്. ഇത് ഒരു കൊറോണഗ്രാഫാണ്. പേലോഡിന്റെ ബാഹ്യകല്പന നിര്‍വഹിച്ചത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ആണ്. 15 വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പേലോഡ് നിര്‍മിച്ചത്.