
PHOTO: ISRO.IN
യാത്രക്കിടെ സെല്‍ഫിയെടുത്ത് ആദിത്യ എല്‍ വണ്‍
ആദിത്യ എല്‍ വണ്‍ എടുത്ത സെല്‍ഫി പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രക്കിടെ എടുത്ത സെല്‍ഫിയില്‍ സൂര്യന്റെ പ്രത്യേകതകള്‍ പഠിക്കാനായി ഘടിപ്പിച്ചിരിക്കുന്ന പേലോഡുകളായ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫും (വിഇഎല്‍സി), സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ്പും (എസ്.യു.ഐ.ടി) വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്. ഭൂമിയുടേയും ചന്ദ്രന്റേയും പുതിയ ചിത്രങ്ങളും ആദിത്യ എല്‍ വണ്‍ പകര്‍ത്തിയിട്ടുണ്ട്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സും ഐഎസ്ആര്‍ഒ യും സംയുക്തമായാണ് വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ് നിര്‍മ്മിച്ചത്. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ് നിര്‍മ്മിച്ചത് പൂനെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്റ് ആസ്‌ട്രോഫിസിക്‌സാണ്.
വിജയകരമായി യാത്ര തുടരുന്നു
ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എല്‍ വണ്‍ വിജയകരമായി യാത്ര തുടരുകയാണ്. നിലവില്‍ രണ്ടു തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. രണ്ടാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ അഞ്ചിന് പുലര്‍ച്ചെ 3 മണിക്ക് രണ്ടാം ഭ്രമണപഥം ഉയര്‍ത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകത്തിന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ സെപ്റ്റംബര്‍ മൂന്നിനായിരുന്നു. 125 ദിവസത്തോളം സഞ്ചരിച്ച് സൂര്യനും ഭൂമിക്കും ഇടയിലുള്ള എല്‍ വണ്‍ പോയിന്റില്‍ പേടകം എത്തുന്നതിനിടെ അഞ്ചുതവണയാണ് ഭ്രമണപഥം ഉയര്‍ത്തുക.
സൂര്യനെ ലക്ഷ്യമാക്കി ആദിത്യ എല്‍ വണ്‍
സൂര്യനില്‍ നിന്നുള്ള വികിരണങ്ങളെ കുറിച്ചുള്ള പഠനമാണ് ആദിത്യ എല്‍ വണ്‍ ദൗത്യത്തിന്റെ ലക്ഷ്യം. വിക്ഷേപിച്ച് നാല് മാസംകൊണ്ട് സൂര്യനെ തടസമില്ലാതെ വീക്ഷിക്കാനാകുന്ന രീതിയില്‍ ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍ വണ്‍ പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിക്കുക. സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് ആദിത്യ എല്‍1 പര്യവേക്ഷണത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച പേലോഡുകളാണ് സൂര്യപഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 1500 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യനെ പഠിക്കാന്‍ 15 ലക്ഷം കിലോമീറ്റര്‍ മാത്രമായിരിക്കും ആദിത്യ എല്‍ വണ്‍ സഞ്ചരിക്കുന്നത്. വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണഗ്രാഫ് , സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് , സോളാര്‍ ലോ എനര്‍ജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ഹൈ എനര്‍ജി എല്‍-1 ഓര്‍ബിറ്റിങ് എക്‌സ്റേ സ്പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പെരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, മാഗ്‌നെറ്റോമീറ്റര്‍ എന്നിങ്ങനെ ഏഴ് പേലോഡുകളാണ് പേടകത്തിലുള്ളത്. കൊറോണല്‍ താപനം, കൊറോണല്‍ മാസ് ഇജക്ഷന്‍, ബഹിരാകാശ കാലാവസ്ഥ തുടങ്ങി സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ഐഎസ്ആര്‍ഒ യുടെ ലക്ഷ്യം. അഞ്ചുവര്‍ഷവും രണ്ടുമാസവുമാണ് ദൗത്യത്തിന്റെ കാലാവധി.
എല്‍ വണ്‍ പോയിന്റ്
ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് എല്‍ 1 പോയിന്റ് സ്ഥിതിചെയ്യുന്നത്. ഈ പോയിന്റില്‍ ഒരു വസ്തു വെക്കുകയാണെങ്കില്‍ അതിന് ഭൂമിയോടുള്ള ഗുരുത്വാകര്‍ഷണ ബലവും സൂര്യനോടുള്ള ഗുരുത്വാകര്‍ഷണ ബലവും തുല്യമായിരിക്കും. ഈ പോയിന്റില്‍ പേടകം സൂര്യനെ ചുറ്റികൊണ്ടിരിക്കും. ഇവിടെ നിന്നും തടസമില്ലാതെ തുടര്‍ച്ചയായി വീക്ഷിക്കാന്‍ സാധിക്കുന്നതിനാല്‍ 24 മണിക്കൂറും സൂര്യന്റെ ചിത്രങ്ങളെടുക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള അഞ്ചുപോയിന്റുകളില്‍ ഒന്നാണ് ലഗ്രാഞ്ച് പോയിന്റ് (എല്‍ വണ്‍ പോയിന്റ്). ഇതേ പോയിന്റില്‍ തന്നെ യു എസിന്റെ സോഹോ എന്ന പേടകവുമുണ്ട്.