ഗഗന്‍യാന്‍ | PHOTO: ISRO.IN
ഗഗന്‍യാന്‍ ദൗത്യം: പരീക്ഷണ വിക്ഷേപണം വിജയകരം
ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചു. ഐഎസ്ആര്‍ഒ രാവിലെ പത്തു മണിയോടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് ക്രൂ മൊഡ്യൂളുമായി റോക്കറ്റ് കുതിച്ചുയര്‍ന്നത്. 9 മിനിറ്റ് 51 സെക്കന്റിനുള്ളിലാണ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്.
വിക്ഷേപണശേഷം 1.66 മിനിറ്റില്‍ ഏകദേശം 17 കിലോമീറ്ററോളം ഉയരത്തിലെത്തിയ ക്രൂ മൊഡ്യൂള്‍ വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെട്ട് പാരച്യൂട്ടിന്റെ സഹായത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി പതിച്ചു. മൊഡ്യൂളിനെ തിരികെ സുരക്ഷിതമായി കരയിലെത്തിക്കുന്ന ദൗത്യം ഐഎന്‍എസിനാണ്. നാലു ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷണത്തിന്റെ ആദ്യ ഘട്ടമാണ് വിജയകരമായി നടന്നത്.
വിക്ഷേപണം ആദ്യം എട്ടു മണിക്കായിരുന്നു നിശ്ചയിച്ചിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് പിന്നീട് എട്ടരയ്ക്ക് നടത്താനായിരുന്നു ശ്രമം. എന്നാല്‍ വിക്ഷേപണത്തിനു അഞ്ചു സെക്കന്റ് മാത്രമുള്ളമുപ്പോള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ടിവി-ഡി1 ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി. ടിവി- ഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തിനിടെയുള്ള അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ ക്ഷമതയാണ് വിക്ഷേപണത്തിലൂടെ പരിശോധിക്കാനിരുന്നത്. 2025 ല്‍ യാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിന് മുന്നോടിയായാണ് ആളില്ലാ വാഹനങ്ങളുടെ പരീക്ഷണ വിക്ഷേപണം നടത്താന്‍ തീരുമാനിച്ചത്.
ക്രൂ എസ്‌കേപ്പ് സിസ്റ്റം
പദ്ധതിയിലെ നിര്‍ണായക സംവിധാനമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം. റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍, പൊട്ടിത്തെറിച്ചേക്കാവുന്ന റോക്കറ്റില്‍ നിന്നും കുറഞ്ഞത് രണ്ടു കിലോമീറ്ററെങ്കിലും മാറ്റി യാത്രികരെ സംരക്ഷിക്കുന്നതിനെയാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം എന്നു പറയുന്നത്. യുദ്ധവിമാനങ്ങളില്‍ കാണപ്പെടുന്ന എജക്ഷന്‍ സീറ്റിന് സമാനമായ തത്ത്വത്തിലാണ് അബോര്‍ട്ട് ആന്‍ഡ് ക്രൂ എസ്‌കേപ്പ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.
ഗഗന്‍യാന്‍
മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമാണ് ഗഗന്‍യാന്‍. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തില്‍ പേടകം എത്തിക്കുകയാണ് ലക്ഷ്യം. മൂന്നു വര്‍ഷത്തിനുള്ളില്‍ ദൗത്യം യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രികര്‍ എത്രപേര്‍ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. യാത്രികര്‍ക്കുള്ള പരിശീലനം നല്‍കിവരുകയാണ്.