PHOTO: PTI
പുതുവര്‍ഷത്തില്‍ വിജയക്കുതിപ്പുമായി ഐഎസ്ആര്‍ഒ; തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടി എക്‌സ്‌പോസാറ്റ്
തമോഗര്‍ത്ത രഹസ്യങ്ങള്‍ തേടി പിഎസ്എല്‍വിയുടെ അറുപതാമത്തെ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. പുതുവര്‍ഷദിനത്തില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് എക്‌സ്‌പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എല്‍വി-സി 58 കുതിച്ചുയര്‍ന്നത്. ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗര്‍ത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഐഎസ്ആര്‍ഒ ഇക്കുറി ലക്ഷ്യമിടുന്നത്.
ഭൂമിയില്‍ നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്‌സ്‌പോസാറ്റിനെ പിഎസ്എല്‍വിസി 58 എത്തിച്ചത്. അഞ്ചുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. ഈ കാലയളവില്‍ ബഹിരാകാശത്തെ നാല്‍പതോളം എക്‌സറേ സ്രോതസ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എക്‌സ്‌പോസാറ്റ് കൈമാറും. ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളുടെ പഠനത്തിലൂടെ ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഐഎസ്ആര്‍ഒ ഇക്കുറി ലക്ഷ്യമിടുന്നത്.
യുഎസിനുശേഷം ലോകത്തെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണമാണ് എക്‌സ്‌പോസാറ്റിന്റേത്. 126 കിലോഗ്രാം ഭാരമുള്ള എക്‌സ്‌പോസാറ്റ് ബഹിരാകാശത്തെ സ്രോതസ്സുകളുടെ കാന്തികത, വികിരണം, ഇലക്‌ട്രോണുകള്‍ തുടങ്ങിയവയെ കുറിച്ച് പഠിക്കും. ജ്യോതിര്‍ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സമഗ്രപഠനവും എക്‌സ്‌പോസാറ്റ് നടത്തും.
രണ്ട് ശാസ്ത്രീയ പേലോഡുകള്‍ ഉള്‍പ്പെടുന്നതാണ് എക്‌സ്‌പോസാറ്റ്. പ്രധാന പേലോഡായ പോളാരിമീറ്റര്‍ ഇന്‍സ്ട്രുമെന്റ് ഇന്‍ എക്‌സ്‌റേ ജ്യോതിശാസ്ത്ര ഉത്ഭവത്തിന്റെ 8-30 കെഇവി യൂണിറ്റ് ഫോട്ടോണുകളുടെ ഇടത്തരം എക്‌സ്‌റേ ശ്രേണിയിലെ പോളാരിമെട്രി പാരാമീറ്ററുകള്‍ അളക്കും. 2021 ലാണ് നാസ എക്‌സ്‌റേ പോളാരിമീറ്റര്‍ ഉപഗ്രഹം വിക്ഷേപിച്ചത്. രണ്ടാമത്തെ പേലോഡായ എക്‌സ്എസ്‌പെക്റ്റ് വഴി 0.8-15 കെവി ഊര്‍ജശ്രേണിയിലുള്ള സ്‌പെക്‌ട്രോക്‌സ്‌കോപ്പിക് വിവരങ്ങള്‍ ശേഖരിക്കും.
കാലാവസ്ഥയും പഠനമാക്കും
ഐഎസ്ആര്‍ഒയും ബെംഗളൂരുവിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഉപഗ്രഹം രൂപകല്പന ചെയ്തത്. തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് വനിതാ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച വിസാറ്റ് ഉള്‍പ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കും എന്നതാണ് വിസാറ്റ് പഠനവിഷയമാക്കുക. വിസാറ്റ് ഉള്‍പ്പെടെ 10 പരീക്ഷണ പേലോഡുകള്‍ വഹിച്ച റോക്കറ്റിന്റെ നാലാംഘട്ടം ഭൂമിയില്‍ നിന്ന് 350 കിലോമീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുക.
മൂന്നാംചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3, സൗരദൗത്യമായ ആദിത്യ എല്‍ 1 എന്നിവയ്ക്കു പിന്നാലെയാണ് തമോഗര്‍ത്തങ്ങളിലേക്കും ഐഎസ്ആര്‍ഒ ലക്ഷ്യംവയ്ക്കുന്നത്. ഇതിനുപുറമെ മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്.