TMJ
searchnav-menu
post-thumbnail

TMJ Daily

എമ്പുരാന്‍ സഹനിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഐടി വകുപ്പിന്റെ നോട്ടീസ്

06 Apr 2025   |   1 min Read
TMJ News Desk

സംഘപരിവാറിന്റെ ആക്രമണത്തിന് വിധേയമായ എമ്പുരാന്‍ സിനിമയുടെ സഹനിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിന് കേന്ദ്ര ആദായ നികുതി വകുപ്പ് (ഐടി) നോട്ടീസ് അയച്ചു.

സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിന് കഴിഞ്ഞ ദിവസം ഐടി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരുന്നു. കൂടാതെ, മറ്റൊരു സഹനിര്‍മ്മാതാവായ ഗോകുലം ഗോപാലന്റെ കോഴിക്കോടും ചെന്നൈയിലുമുള്ള ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് (ഇഡി) മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടത്തുകയും ഗോപാലനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു.

എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫര്‍, മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് ഐടി വകുപ്പ് ആന്റണിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഓവര്‍സീസ് റൈറ്റ്, താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് വകുപ്പ് ഉന്നയിച്ചിരിക്കുന്നത്.

എമ്പുരാന്‍ സിനിമയിലെ ഗുജറാത്ത് കലാപവും സംഘപരിവാര്‍ വിമര്‍ശനവുമല്ല ഈ നോട്ടീസ് നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് ഐടി വകുപ്പ് വിശദീകരിക്കുന്നു.

2022ല്‍ സിനിമ രംഗത്ത് നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായ നടപടിയാണ് 2025ല്‍ സ്വീകരിച്ചതെന്നാണ് വിശദീകരണം. 2019 മുതല്‍ 2022 വരെയുള്ള സിനിമകളുടെ വിവരങ്ങളാണ് ഈ റെയ്ഡില്‍ പരിശോധിച്ചതെന്നും അവ അസെസ്‌മെന്റ് വിഭാഗം പരിശോധിച്ചാണ് ഇപ്പോള്‍ ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയതെന്നും ഐടി വകുപ്പ് വിശദീകരിക്കുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ നടന്ന റെയ്ഡിന് പിന്നാലെ ഗോകുലം മൂവീസ് കേന്ദ്ര സഹ മന്ത്രിയായ സുരേഷ് ഗോപിയെ നായകനാക്കിയുള്ള ഒറ്റക്കൊമ്പന്‍ എന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നു.

എമ്പുരാന്റെ സംവിധായകനായ പൃഥ്വിരാജിനോട് കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഐടി വകുപ്പ് തേടിയിട്ടുള്ളത്. പൃഥ്വിരാജിനോടും ആന്റണിയോടും ഒരുമാസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

എമ്പുരാന്‍ വിവാദത്തില്‍ നായകനായ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടിരുന്നു. പൃഥ്വിരാജ് അത് ഷെയര്‍ ചെയ്തു. തിരക്കഥാകൃത്തായ മുരളി ഗോപി വിവാദങ്ങളില്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.


#Daily
Leave a comment