
ഇന്ത്യ-ചൈന നിയന്ത്രണരേഖയിൽ പട്രോളിങ് പുനഃരാരംഭിക്കാൻ തീരുമാനം
ഇന്ത്യ-ചൈന നിയന്ത്രണരേഖയിൽ പട്രോളിങ് പുനഃരാരംഭിക്കുമെന്ന് ഇന്ത്യയും ചൈനയും. അതിർത്തിയിൽ സംയുക്ത പട്രോളിങ് പുനരാരംഭിക്കാൻ തീരുമാനമായിട്ടുണ്ട്. ദെപ്സാങ്, ഡെംചോക്ക് മേഖലകളിലെ പട്രോളിങ് പുനരാരംഭിക്കുന്ന കാര്യത്തിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം അറിയിച്ചത്.
2020ൽ ഗാൽവൻ സംഘർഷത്തെ തുടർന്നായിരുന്ന ഇരുസൈന്യവും പട്രോളിങ് നിർത്തിവച്ചത്. 2020 ജൂണിൽ ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.
അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും കഴിഞ്ഞ ഏതാനും ആഴ്ചകളായി ബന്ധപ്പെട്ടിരുന്നു. ദെപ്സാങ്, ഡെംചോക്ക് മേഖലകളിലെ പട്രോളിങ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടാണ് കരാർ എന്നും വിക്രം മിസ്രി വ്യക്തമാക്കി.


