തൃശൂരിലെ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് അക്കൗണ്ടില്‍ നിന്നെന്ന് ആരോപണം
തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയത്തിന് കാരണം കോണ്‍ഗ്രസ് വോട്ടുകളെന്ന് ആരോപണം. സുരേഷ് ഗോപി 4,12,338 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 3,37,652 വോട്ടുകള്‍ നേടിക്കൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്. 3,28,124 വോട്ടുകള്‍ നേടിക്കൊണ്ട് കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 86,965 വോട്ടുകളാണ് കോണ്‍ഗ്രസിന് ഇത്തവണ കുറഞ്ഞത്. 74,686 വോട്ടിന്റെ ഭൂരിപക്ഷ വിജയമാണ് ബിജെപി നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എം പിയായ ടി എന്‍ പ്രതാപന്‍ ജയിച്ചത് 4,15,089 വോട്ടുകള്‍ നേടിക്കൊണ്ടായിരുന്നു. സിറ്റിങ് എം പി ടി എന്‍ പ്രതാപനെ മാറ്റിക്കൊണ്ടാണ് വടകര എം പി കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിച്ചത്. എല്‍ഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ 16,196 വോട്ടുകള്‍ തൃശൂരില്‍ അധികം നേടി.
ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് വി ഡി സതീശന്‍
തൃശൂരില്‍ ബിജെപി വിജയിക്കാന്‍ കാരണം സിപിഎം-ബിജെപി ബന്ധമാണെന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള എല്‍ഡിഎഫ് നേതാവിന്റെ കൂടിക്കാഴ്ചയെല്ലാം അതിന്റെ ഭാഗമാണെന്നായിരുന്നു വി ഡി സതീശന്റെ ആരോപണം. സര്‍ക്കാര്‍ കെടുകാര്യസ്ഥതയില്‍ ജനരോഷമുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
പൊതുരംഗത്ത് നിന്നും മാറിനില്‍ക്കുമെന്ന് കെ മുരളീധരന്‍
തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പൊതുരംഗത്ത് നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുമെന്ന് പ്രതികരിച്ചു. തന്റെ സിറ്റിംഗ് സീറ്റായ വടകരയില്‍ നിന്ന് മത്സരിച്ചാല്‍ താന്‍ വിജയിക്കുമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം തൃശൂരില്‍ ഉണ്ടായത് അപ്രതീക്ഷിത തോല്‍വിയാണെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. തൃശൂരിലെ പരാജയം പരിശോധിക്കുമെന്ന നിലപാടാണ് കോണ്‍ഗ്രസ് നിലവില്‍ എടുത്തിരിക്കുന്നത്.