വായുമലിനീകരണം മൂലം പ്രതിവര്‍ഷം 33,000 പേര്‍ ഇന്ത്യയില്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്
ഓരോ വര്‍ഷവും ഇന്ത്യയിലെ 10 നഗരങ്ങളിലായി 33,000 പേര്‍ വായുമലിനീകരണം മൂലം മരിക്കുന്നതായി ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് റിപ്പോര്‍ട്ട്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി എന്നിവിടങ്ങളിലായാണ് പഠനം നടത്തിയത്. വായുമലിനീകരണം മൂലമുള്ള മരണം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഡല്‍ഹിയിലാണ്. പ്രതിവര്‍ഷം ഡല്‍ഹിയില്‍ 12,000 പേര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ളത് വാരണാസിയാണ്. ബംഗളൂരുവില്‍ 2,100, ചെന്നൈയില്‍ 2,900, കൊല്‍ക്കത്തയില്‍ 4,700, മുംബൈയില്‍ 5,100 എന്നിങ്ങനെയാണ് പ്രതിവര്‍ഷ മരണസംഖ്യ.
റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ നഗരങ്ങളിലെ വായുമലിനീകരണത്തിന്റെ തോത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് മുകളിലാണ്. ഒരു ക്യൂബിക് മീറ്ററിന് 15 മൈക്രോഗ്രാം എന്ന എക്‌സ്‌പോര്‍ഷര്‍ പരിധിയാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡില്‍ ഇത് ഒരു ക്യൂബിക് മീറ്ററിന് 60 മൈക്രോഗ്രാമാണ്. ഇത് ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ ഇന്ത്യന്‍ വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് താഴെയുള്ളവായുമലിനീകരണ അളവ് പോലും രാജ്യത്ത് മരണനിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. അശോക യൂണിവേഴ്‌സിറ്റി, ക്രോണിക് ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍, സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട്, ഹാര്‍വാര്‍ഡ്, ബോസ്റ്റണ്‍ സര്‍വകാലാശാലകള്‍ എന്നിവടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.