.jpg)
കേന്ദ്ര സഹായം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരം; പ്രതിപക്ഷ നേതാവ്
വയനാട് ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളം സന്ദര്‍ശിച്ചിട്ടും ഒരു സഹായവും നല്‍കിയില്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സന്ദര്‍ശനത്തിന് ശേഷം കേന്ദ്രത്തില്‍ നിന്നും സഹായം പ്രതീക്ഷിച്ചു, എന്നാല്‍ ഒരു താല്‍ക്കാലിക വിഹിതം പോലും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചില്ല. ഇതൊരു ദൗര്‍ഭാഗ്യകരമായ നടപടിയാണ്. വയനാട്-വിലങ്ങാട് ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് നിയമസഭ അര്‍പ്പിച്ച ചരമോപചാരത്തില്‍ സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവ് കേന്ദ്ര അവഗണന ഉന്നയിച്ചത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുറെക്കൂടി വേഗത്തിലാക്കേണ്ടതുണ്ട്. തുടക്കത്തില്‍ ഭരണകൂടം കാണിച്ച ആവേശം പിന്നീട് കണ്ടില്ല എന്ന് ജനങ്ങള്‍ ആക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല. രാജ്യത്തിനു തന്നെ മാതൃകാപരമായ പുനരധിവാസം കേരളം നിര്‍മ്മിക്കേണ്ടതായുണ്ട്. ജനങ്ങളുടെ പിന്തുണയോടുകൂടി പ്രദേശങ്ങളെയും, സാമൂഹിക ജീവിതത്തെയും മെച്ചപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും, രക്ഷാ പ്രവത്തനങ്ങളിലുമെല്ലാം പൂര്‍ണ പിന്തുണയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാകുന്നതു വരെ ഇനിയും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടില്‍ സംഭവിച്ചത് പോലൊരു ദുരന്തമാണ് വിലങ്ങാടും സംഭവിച്ചത്. ഒരു മനുഷ്യ ജീവന്‍ മാത്രമെ അവിടെ നഷ്ടപ്പെട്ടുള്ളു എന്നത് കൊണ്ട് ദുരന്തം ശ്രദ്ധിക്കപ്പെടാതെ പോയി. വയനാട് ദുരന്തം മനസ്സിലുണ്ടാക്കിയ നോവ് ജീവിതാവസാനം വരെ കൂടെയുണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് ഉരുള്‍പൊട്ടല്‍. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും, ഒരുപാട് പേര്‍ക്ക് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുകയും ചെയ്തു. പല വീടുകളിലും കുഞ്ഞുങ്ങളും പ്രായമായവരും മാത്രമാണ് അവശേഷിക്കുന്നത്. ബന്ധുക്കളെ എല്ലാം നഷ്ടമായി ഏകദേശം 67 കുടുംബങ്ങളാണ് ഇന്നവിടെ താമസിക്കുന്നത്. വീടും ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ട് ഒരുപാട് പേരാണ് അവിടെ ഉള്ളത്. പുറത്ത് പല കോഴ്സുകള്‍ക്ക് പഠിക്കുന്ന നിരവധി കുട്ടികളുമുണ്ട്. അപകട ഭീഷണിയില്‍ ഇപ്പോഴും അവിടെ താമസിക്കുന്നവരെയെല്ലാം മാറ്റിപാര്‍പ്പിക്കേണ്ട ആവശ്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളം ഒരു അപകട മേഖലയിലാണെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും എല്ലാവരും തിരിച്ചറിയണം. 2021ല്‍ 195 രാജ്യങ്ങള്‍ ഒന്നിച്ചു തയാറാക്കിയ ഐപിസിസി റിപ്പോര്‍ട്ടും, നാസ നടത്തിയ വിശകലനവും മുന്‍പ് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചതാണ്. പടിഞ്ഞാറന്‍ തീരങ്ങള്‍ അപകടത്തിലാണെന്നാണ് ആ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കള്ളക്കടല്‍ പ്രതിഭാസം, ചക്രവാത ചുഴി, മേഘവിസ്ഫോടനം ഉള്‍പ്പെടെയുള്ളവ ഈ കാലാവസ്ഥാ വ്യതിയാനം കാരണം വരുന്നതാണ്. പശ്ചിമഘട്ട മലനിരകളില്‍ കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി ആയിരക്കണക്കിന് മണ്ണിടിച്ചിലുകളാണ് ഉണ്ടാകുന്നത്. ഒരുപാട് മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടതു കൊണ്ടാണ് വയനാട് മണ്ണിടിച്ചില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇനിയെങ്കിലും കൃത്യമായ സംവിധാങ്ങളുണ്ടാക്കി പ്രകൃതി ദുരന്തങ്ങള്‍ തടയാനുള്ള പരിഹാര മാര്‍ഗം കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ണിടിച്ചിലുകള്‍ സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ഇതിനെയൊക്കെ മറികടക്കാനാകണം. അതിനായി മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്. അതിനൊപ്പം ദുരന്തമേഖലയില്‍ നിന്ന് പ്രദേശവാസികളെ മാറ്റിപാര്‍പ്പിക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കണം. കടല്‍ കയറി ഇപ്പോള്‍ തീരദേശ പ്രദേശവും, പശ്ചിമഘട്ട മലനിരകളും അപകടത്തിലാണ്. കൂടുതല്‍ നേരം മഴ പെയ്താല്‍ ഏതു നഗരവും വെള്ളത്തിന് അടിയിലാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കേരളം കാലാവസ്ഥ വ്യതിയാനം മൂലം ഏറ്റവും അപകടകരമായ പ്രദേശമായി മാറിയിരിക്കുകയാണ് എന്ന യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും, ശാസ്ത്ര സ്ഥാപനങ്ങളുടെയും പുതിയ അറിവുകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടെ കാലഘട്ടത്തിന് അനുയോജ്യമായ ഒരു ദുരന്ത സംവിധാനമുണ്ടാക്കുകയാണ് വേണ്ടത്. ഒറീസയെ പോലെ അന്താരാഷ്ട്ര നിലവാരമുള്ള മുന്നറിയിപ്പ് സംവിധാനം കേരളത്തിലും കൊണ്ട് വരണം. ദുരന്ത മേഖലകള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ കേരളം ഇനിയെങ്കിലും കൈക്കൊള്ളേണ്ടതുണ്ട്. ഏത് വികസന പദ്ധതി ആലോചിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനം പ്രധാന ഘടകമായി പരിഗണിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ആഘാത പഠനം നടത്താതെ ഒന്നും ചെയ്യാനാകില്ലെന്ന് മനസിലാക്കണം. പ്രകൃതി ദുരന്തങ്ങള്‍ മുന്നില്‍ കണ്ടുള്ള നയരൂപീകരണങ്ങള്‍ നടത്തി വേണം വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടത്. വയനാട്ടിലെ ദുരന്തം പ്രകൃതി നല്‍കിയിരിക്കുന്ന മുന്നറിയിപ്പായി കാണാന്‍ സാധിച്ച് വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.