
അത് പ്രൊപ്പഗണ്ട; സൈന്യത്തെ തള്ളി സുവര്‍ണ ക്ഷേത്ര മുഖ്യ പുരോഹിതന്‍
ഓപ്പറേഷന്‍ സിന്ദൂര്‍ കാലയളവില്‍ പാക് ആക്രമണത്തില്‍നിന്നും സുവര്‍ണ ക്ഷേത്രത്തെ സംരക്ഷിക്കുന്നതിനായി വ്യോമ പ്രതിരോധ ആയുധങ്ങള്‍ വിന്യസിക്കാന്‍ സുവര്‍ണ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ഗ്യാനി രഘ്ബിര്‍ സിങ് അനുമതി നല്‍കിയെന്ന കരസേനയുടെ ലഫ്റ്റനന്റ് ജനറല്‍ സുമെര്‍ ഇവാന്‍ ഡികന്‍ഹയുടെ പ്രസ്താവനയെ സിങ് തള്ളി. അത് പ്രൊപ്പഗണ്ടയാണെന്ന് സിങ് പറഞ്ഞു.
തോക്കുകൾ വിന്യസിക്കാൻ സുവർണ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ അനുവദിച്ചുവെന്ന് ഡികന്‍ഹ പറഞ്ഞിരുന്നു.
തന്നെ ഒരു സൈനിക ഓഫീസറും ബന്ധപ്പെട്ടിട്ടില്ലെന്നും ആയുധങ്ങള്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സംഭവം ശ്രീ ദര്‍ബാര്‍ സാഹിബില്‍ നടന്നിട്ടില്ലെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
താന്‍ 22 ദിവസത്തേക്ക് യുഎസില്‍ അവധിയില്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 24ന് യുഎസിലേക്ക് പോയ അദ്ദേഹം മെയ് 14ന് തിരിച്ചെത്തി. സംഘര്‍ഷം തുടങ്ങിയതിനെ തുടര്‍ന്ന് തിരിച്ചെത്തുകയായിരുന്നു.
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സൈന്യത്തിന്റെ അവകാശത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഏതെങ്കിലും എസ്ജിപിസി അംഗം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് പാകിസ്താന്‍ സുവര്‍ണ ക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ടുവെന്ന് കഴിഞ്ഞ ദിവസം സൈന്യം വെളിപ്പെടുത്തിയിരുന്നു.


