
കറുപ്പിന്റെ അഴക് കാണിച്ചു തന്നത് മക്കളാണ്: ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍
ജീവിതത്തില്‍ ഇത്രയും കാലം കറുപ്പെന്നതിന്റെ പേരില്‍ നേരിട്ട കളിയാക്കലുകളെ കുറിച്ച് തുറന്നെഴുതി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. പോസ്റ്റ് ഏറെ ചര്‍ച്ചയായപ്പോള്‍ പിന്‍വലിച്ചുവെങ്കിലും അവര്‍ക്ക് പിന്തുണയേറിയപ്പോള്‍ അത് വീണ്ടും പോസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ കാണാനെത്തിയ സന്ദര്‍ശകന്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് ചീഫ് സെക്രട്ടറിയെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്. മുന്‍ചീഫ് സെക്രട്ടറിയും ഭര്‍ത്താവുമായ വി വേണുവുമായി താരതമ്യം ചെയ്ത് സന്ദര്‍ശകന്‍ സംസാരിച്ചു. ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള ശാരദയുടെ പ്രവര്‍ത്തനം കറുപ്പും മുന്‍ഗാമിയും ഭര്‍ത്താവുമായ വി വേണുവിന്റേത് വെളുപ്പും എന്നായിരുന്നു സന്ദര്‍ശകന്‍ അഭിപ്രായപ്പെട്ടത്.
തന്റെ മനസ്സിന് വിഷമമുണ്ടായിയെന്ന് ശാരദ കുറിച്ചു. കഴിഞ്ഞ ഏഴ് മാസമായി മുന്‍ഗാമിയുമായുള്ള താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നതിനാല്‍ തനിക്കിപ്പോള്‍ ഇതുകേട്ട് ശീലമായെന്നും അവര്‍ പറഞ്ഞു. കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്ന് അവര്‍ ചോദിച്ചു.
നാലുവയസുള്ളപ്പോള്‍ അമ്മയോട് ചോദിച്ച ചോദ്യവും അവര്‍ വെളിപ്പെടുത്തി. ഗര്‍ഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിക്കാമോയെന്ന് അവര്‍ അമ്മയോട് ചോദിച്ചു.
നല്ലതെന്ന സല്‍പേരില്ലാത്ത ആഖ്യാനങ്ങളുടെ ഭാരത്തിനടിയില്‍ അരനൂറ്റാണ്ടിലേറെക്കാലമായി ജീവിക്കുന്നുവെന്നും ആ ആഖ്യാനത്തില്‍ സ്വാധീനിക്കപ്പെട്ടും പോയിരുന്നുവെന്നും അവര്‍ പറഞ്ഞു.
'കറുപ്പില്‍ സൗന്ദര്യമോ ഗുണമോ കാണാന്‍ എനിക്ക് മടിയായി. വെളുത്ത ചര്‍മം വിസ്മയമായി; ഫെയര്‍ എന്ന തോന്നലുള്ള എന്തിനോടും. അതെല്ലാം നല്ലതും പൂര്‍ണഗുണങ്ങളാല്‍ സുന്ദരവുമായി തോന്നി. ഇതൊന്നുമില്ലാത്ത ഞാന്‍ താണതരത്തില്‍പ്പെട്ട, മറ്റേതെങ്കിലും വിധത്തില്‍ അതിന് പരിഹാരം കാണേണ്ട ഒരാളെന്ന ബോധം ഉറയ്ക്കുകയായിരുന്നു. ഇതിനൊരു അവസാനമുണ്ടാക്കിയത് എന്റെ മക്കളാണ്. കറുപ്പിന്റെ പാരമ്പര്യത്തോട് അവര്‍ക്ക് ആരാധനയായിരുന്നു. ഞാന്‍ കാണാതിരുന്ന ഭംഗി അവരതില്‍ കണ്ടെത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാല്‍ അതിസുന്ദരമാണെന്ന് അവര്‍ കരുതി. കറുപ്പിന്റെ അഴക് എനിക്കവര്‍ കാട്ടിത്തന്നു,' എന്ന് ചീഫ് സെക്രട്ടറി കുറിച്ചു.