
ഇറ്റലിയിലെ മര്‍മോല്‍ഡ ഹിമാനികള്‍ 2040-ഓടെ അപ്രത്യക്ഷമാവും
ഇറ്റലിയിലെ മര്‍മോല്‍ഡ ഹിമാനികള്‍ ശരാശരി താപനിലയില്‍ ഉണ്ടാകുന്ന ക്രമാതീതമായ ഉയര്‍ച്ച കാരണം 2040 ആകുമ്പോഴേക്കും പൂര്‍ണമായി ഉരുകി തീരുമെന്ന് വിദഗ്ധര്‍ പറയുന്നു. ഹിമാനികള്‍, കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ എന്നിവ നിരീക്ഷിക്കുന്ന ഇറ്റാലിയന്‍ ശാസ്ത്രജ്ഞരും, ഇറ്റാലിയന്‍ ഗ്ലേസിയര്‍ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെ ആല്‍പ്സ് സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര കമ്മീഷനായ ലെഗാംബിയന്റ് എന്ന പരിസ്ഥിതിവാദ ഗ്രൂപ്പുമാണ് ഇക്കാര്യം പങ്കു വച്ചത്. ദിവസവും 7 മുതല്‍ 10 സെന്റിമീറ്ററിന് ഇടയില്‍ ഹിമാനികളുടെ ആഴം നഷ്ടപ്പെടുന്നുവെന്നാണ്. ഇത്തരത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ മര്‍മോല്‍ഡയുടെ ഉപരിതലത്തിന്റെ 70 ഹെക്ടറിലധികമാണ് അപ്രത്യക്ഷമായത്.
1888-ല്‍ ശാസ്ത്രീയമായ അളവെടുപ്പുകള്‍ ആരംഭിച്ചത് മുതലുള്ള പരിശോധനയില്‍ മര്‍മോല്‍ഡ ഹിമാനികള്‍ 1200 മീറ്ററുകള്‍ ഇല്ലാതായെന്ന് ക്യാരവാന്‍ ഓഫ് ഗ്ലേഷിയേഴ്സ് എന്ന ക്യാമ്പയിന്റെ സംഘാടകര്‍ പറയുന്നു. കാല്‍സ്യം, മാഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയ ഡോളോമൈറ്റ് എന്ന പേരില്‍ അറിയപെടുന്നതാണ് ഈ ഹിമാനികള്‍. കാലാവസ്ഥ അടിയന്തരാവസ്ഥ അനുഭവിക്കുന്നതിന്റെ അനന്തരഫലങ്ങള്‍ ഡോളോമൈറ്റുകളില്‍ ഉടനീളം ദൃശ്യമാണ്.
ശീതകാല വരള്‍ച്ചയും വേനല്‍ക്കാലത്ത് ഈ പ്രദേശത്ത് ഉടനീളം അനുഭവപ്പെട്ട ഉയര്‍ന്ന താപനിലയും ഹിമാനികള്‍ അതിവേഗം ഉരുകുന്നതിന് കാരണമായി. ഇറ്റലിയിലെ ഏറ്റവും വലിയ താഴ്വര ഹിമാനികളില്‍ ഒന്നായ ഫോര്‍ണി കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 800 മീറ്ററും കഴിഞ്ഞ നൂറ്റാണ്ടില്‍ 1.2 മൈലുമാണ് ഉരുകിതീര്‍ന്നത്. 2022-ല്‍ മര്‍മോല്‍ഡ പര്‍വ്വതത്തിലെ ഒരു ഹിമാനിയുടെ തകര്‍ച്ച 11 പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. ഹിമാനികള്‍ ഉരുകുന്നത് കാരണം ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഈ പ്രദേശത്ത് കുന്നുകൂടിയിരിക്കുന്നത്.
മര്‍മോല്‍ഡ ഹിമാനികള്‍ അപ്രത്യക്ഷമാകുന്നത് പാരിസ്ഥിതിക നഷ്ടമുണ്ടാക്കുമെന്നത് കൂടാതെ വിനോദസഞ്ചാരത്തെ ആശ്രയിക്കുന്ന പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. സാധാരണഗതിയില്‍ ശൈത്യകാലത്തും വേനല്‍ക്കാലത്തും പ്രദേശത്തുണ്ടാവുന്ന വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് കുറയുന്നതോടെ സന്ദര്‍ശകരെ ആശ്രയിക്കുന്ന പ്രാദേശിക ബിസിനസുകളെയും കമ്മ്യൂണിറ്റികളെയും ഇത് ബാധിച്ചേക്കാം. ഇത്തരത്തിലുള്ള കാലാവസ്ഥ പ്രതിസന്ധികള്‍ക്ക് ഫലപ്രദമായ ലഘൂകരണ നയങ്ങള്‍ നടപ്പിലാക്കണമെന്ന് ലെഗാംബിയന്റെ ജനറല്‍ ഡയറക്ടര്‍ ജോര്‍ജിയോ സാംപെറ്റി ആവശ്യപ്പെടുന്നു.