
ഇലക്ട്രിക്ക് കൺസെപ്റ്റ് കാറുമായി ജാഗ്വാർ, നീക്കത്തിൽ രണ്ടഭിപ്രായവുമായി സോഷ്യൽ മീഡിയ
ആഢംബര കാർ നിർമ്മാതാക്കളായ ജാഗ്വാർ ‘ടൈപ്പ് 00’ എന്ന തങ്ങളുടെ പുതിയ ഇലക്ട്രിക്ക് കൺസെപ്റ്റ് കാർ അവതരിപ്പിച്ചിരിക്കുകയാണ്. റീബ്രാൻഡിംഗ് നീക്കം പ്രഖ്യാപിച്ചതിന് ശേഷമുള്ള കൺസെപ്റ്റ് കാറിന്റെ അവതരണത്തിൽ ജാഗ്വാറിനെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകളാണ് സോഷ്യൽ മീഡിയകളിൽ രംഗത്തെത്തിയിരിക്കുന്നത്. അത്യന്താധുനിക ഡിസൈനുള്ള കാർ മോട്ടോർ ഭ്രാന്തൻമാർക്കിടയിൽ ആവേശമുണർത്തുന്നെന്നും അതേ സമയം മറ്റു ചിലർ അതിനെ ‘ചവറെ’ന്നുമാണ് വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാർ വിൽപനയുടെ എണ്ണത്തിൽ വളരെയേറെ കുറവ് രേഖപ്പെടുത്തുന്നതിനു ശേഷം, കമ്പനിയെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടെയാണ് ജാഗ്വാർ മൊത്തത്തിൽ ഒരു അഴിച്ചുപണി പ്രഖ്യാപിച്ചത്. പൂർണമായും ഇലക്ട്രിക്ക് വാഹന നിർമാതാക്കളാകുവാൻ പോകുന്ന നീക്കത്തെയും, ജാഗ്വാർ അവതരിപ്പിച്ച തങ്ങളുടെ പുതിയ ലോഗോയെയും, അത് കൂടാതെ പുനർനിർമ്മാണത്തിന്റെ പ്രഖ്യാപന വീഡിയോയിൽ ഒരു കാറിനെ പോലും ഉൾപ്പെടുത്താത്തതും വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയകളിൽ നിന്നും നേരിട്ടത്. അതേ സമയം പലരും കമ്പനിയുടെ നീക്കത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
തങ്ങൾക്ക് വേണ്ട രീതിയിലുള്ള പ്രതികരണങ്ങൾ തന്നെയാണ് കോൺസെപ്റ്റ് കാറിന് നേരെ സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നതെന്ന് ജാഗ്വാർ അവകാശപ്പെടുന്നു. ആഢംബര കാർ നിർമ്മാതാക്കൾ എന്ന താങ്കളുടെ ബ്രാൻഡിനെ തിരിച്ചു പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, വിൽപനകളുടെ എണ്ണത്തിലുളള വർദ്ധനവിന്റെ കണക്കുകൾക്കല്ല പ്രാധാന്യമെന്നും ജാഗ്വാർ എംഡി റൗഡോൺ ഗ്ലോവർ പ്രതികരിച്ചു. ലാൻഡ് റോവർ കാറുകളും റേഞ്ച് റോവർ കാറുകളും നിർമ്മിക്കുന്ന ജാഗ്വാർ ലാൻഡ് റോവർ ഗ്രൂപ്പിലെ(JLR) ഏറ്റവും മോശം വില്പന കണക്കുകൾ ജാഗ്വാറിനായിരുന്നു. 2018ന് ശേഷം 1,80,000 എന്ന വിൽപനക്കണക്കിൽ നിന്നും കഴിഞ്ഞ വർഷം വെറും 67,000 എന്നതിലോട്ട് ജാഗ്വാർ കൂപ്പുകുത്തിയിരുന്നു.
കഴിഞ്ഞ മാസം യുകെയിൽ ജാഗ്വാർ കാറുകളുടെ വിൽപനകൾ റീബ്രാൻഡിങ്ങിന് ശേഷം പുതിയ കാറുകൾ അവതരിപ്പിക്കുന്നതിനാൽ നിർത്തിയിരുന്നു. ശേഷം പുതിയ ലോഗോ അവതരിപ്പിക്കുകയും, സോഷ്യൽ മീഡിയയിൽ റീബ്രാൻഡ് വീഡിയോയും അവതരിപ്പിച്ചിരുന്നു. കാറുകളൊന്നുമില്ലാതെ, തിളക്കമാർന്ന നിറങ്ങളും മോഡലുകളും ഉൾപ്പെടുത്തി ജാഗ്വാർ പുറത്തിറക്കിയ വീഡിയോ വലിയ ചർച്ചകൾക്കും, വിവാദങ്ങൾക്കും വഴിവച്ചു. ടെസ്ലയുടെ സിഇഒ ഇലോൺ മസ്ക് ‘നിങ്ങൾ കാറുകൾ വിൽക്കുന്നുണ്ടോ?’ എന്ന പരാമർശമാണ് ജാഗ്വാറിന്റെ വീഡിയോക്ക് ശേഷം നടത്തിയത്.