TMJ
searchnav-menu
post-thumbnail

ഫാറൂക്ക് അബ്ദുള്ള | Photo : PTI

TMJ Daily

ജമ്മുകാശ്മീർ തെരഞ്ഞെടുപ്പ്; മെമ്മോറാണ്ടം സമർപ്പിച്ച് 13 പ്രതിപക്ഷ പാർട്ടികൾ

17 Mar 2023   |   1 min Read
TMJ News Desk

ജമ്മുകാശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ആവശ്യപ്പെട്ട് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂക്ക് അബ്ദുള്ള തെരഞ്ഞെടുപ്പ് കമ്മീഷന് മെമ്മോറാണ്ടം സമർപ്പിച്ചു. വ്യാഴാഴ്ച ന്യൂഡൽഹിയിൽ 13 പ്രതിപക്ഷ പാർട്ടികളോടൊപ്പമെത്തിയാണ് ആവശ്യമുന്നയിച്ചത്. കമ്മീഷന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ എന്നിവർ ഒപ്പുവച്ചു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, അവാമി നാഷണൽ കോൺഫറൻസ്, നാഷണൽ പാന്തേഴ്‌സ് പാർട്ടി, ശിവസേന എന്നിവയുൾപ്പെടെ ജമ്മുകാശ്മീരിൽ നിന്നുള്ള നിരവധി പ്രാദേശിക പാർട്ടികളും നീക്കത്തെ പിന്തുണച്ചു. ദ്രാവിഡ മുന്നേറ്റ കഴകത്തിന് വേണ്ടി ടി ആർ ബാലു, രാഷ്ട്രീയ ജനദാദളിൽ നിന്ന് മനോജ് കുമാർ ഝാ, സമാജ്‌വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ്, ആം ആദ്മി പാർട്ടിയിൽ നിന്ന് സഞ്ജയ് സിംഗ് എന്നിവരും ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു.  

"ജമ്മുകാശ്മീരിലെ വിവിധ രാഷ്ട്രീയ പാർട്ടികളെയും വിവിധ ദേശീയ രാഷ്ട്രീയ പാർട്ടികളെയും പ്രതിനിധീകരിക്കുന്ന ഈ മെമ്മോറാണ്ടത്തിൽ ഒപ്പിട്ടിരിക്കുന്ന ഞങ്ങൾ, ജമ്മു കാശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് കൂടുതൽ കാലതാമസമില്ലാതെ പ്രഖ്യാപിക്കാനും തെരഞ്ഞെടുപ്പ് ഷെഡ്യൂൾ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുന്നു. അതിലൂടെ ജമ്മുകാശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ആവശ്യപ്പെടുന്നു'', മെമ്മോറാണ്ടത്തിൽ പരാമർശിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമാക്കാൻ കേന്ദ്രസർക്കാർ തയാറാണെന്നും അന്തിമ വിഞ്ജാപനം ഇസിഐ ഏറ്റെടുക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്തിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പ്രസ്താവനകൾ പുറത്ത് വന്നിരുന്നു. എന്നാൽ കമ്മീഷന്റെ ഭാഗത്തുനിന്ന് ഒരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും, മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെയും മെമ്മോറാണ്ടത്തിൽ സൂചിപ്പിച്ചു.

ജമ്മുകാശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനമായി നടന്നത് 2014 ൽ ആയിരുന്നു. 2018 മുതൽ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലാണ്. തുടർന്ന് 2019 ൽ ജമ്മു കാശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും പ്രത്യേക ഭരണഘടനാ സ്ഥാനം എടുത്തുകളയുകയും ചെയ്തു.


#Daily
Leave a comment