ജമ്മു കശ്മീര്‍: തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കിലും നടത്താം; സംസ്ഥാന പദവിയില്‍ നടപടികള്‍ പുരോഗമിക്കുന്നു
ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പിന് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് പാനലുമാണെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
നടപടി ക്രമങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടു പോകുകയാണെന്നും ആദ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താനാണ് പദ്ധതിയെന്നും സുപ്രീംകോടതിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജമ്മു കശ്മീരിനെ സമ്പൂര്‍ണ സംസ്ഥാനമായി മാറ്റുന്നതിനുള്ള നടപടികള്‍ നടക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്.
സമയക്രമം നിശ്ചയിക്കാനാകില്ല
ജമ്മു കശ്മീരിനെ സമ്പൂര്‍ണ സംസ്ഥാനമായി മാറ്റുന്നതിനുള്ള നടപടികള്‍ നടക്കുകയാണെന്നും സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് പ്രത്യേക സമയപരിധി നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. നേരത്തെ ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് നിശ്ചിത സമയപരിധി വേണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ജമ്മു കശ്മീരില്‍ സ്ഥിരത ഉറപ്പാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് തെളിയിക്കാന്‍ നിരവധി കണക്കുകളും സോളിസിറ്റര്‍ ജനറല്‍ ഹാജരാക്കി. 2019 ന് ശേഷം ജമ്മു കശ്മീരിലെ തീവ്രവാദ പ്രേരിത സംഭവങ്ങള്‍ 42.5 ശതമാനം കുറഞ്ഞു, നുഴഞ്ഞുകയറ്റങ്ങളില്‍ 90.20 ശതമാനം കുറവുണ്ടായതായും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 29 ന് ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പദവി ശാശ്വതമായ കാര്യമല്ലെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഓഗസ്റ്റ് 31 ന് കോടതിയില്‍ വിശദമായ പ്രസ്താവന നടത്തുമെന്നും കേന്ദ്രം അറിയിച്ചിരുന്നു.
പൂര്‍ണസംസ്ഥാന പദവി തിരിച്ചുനല്‍കുന്നതു സംബന്ധിച്ച് വിശദമായ നിലപാട് അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി സ്ഥിരമായുള്ളതല്ലെന്ന് നേരത്തെ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഫെഡറല്‍ സംവിധാനം വെല്ലുവിളിയാകുന്നു
2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് ജമ്മു കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു. ഭരണഘടനയിലെ 370-ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനെ റദ്ദാക്കുന്ന തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ഇരുപതോളം ഹര്‍ജികളാണ് സുപ്രീംകോടതിക്കു മുന്നിലുള്ളത്. ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് ഹര്‍ജികളിലെ പ്രധാനവാദം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ തീരുമാനിക്കുന്ന അതേദിവസം തന്നെ കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ യും റദ്ദാക്കിയിരുന്നു.