TMJ
searchnav-menu
post-thumbnail

TMJ Daily

ജപ്പാൻ തിരഞ്ഞെടുപ്പ്: ആർക്കും ഭൂരിപക്ഷമില്ല, രാഷ്ട്രീയ അനിശ്ചിതത്വത്തിൽ രാജ്യം 

28 Oct 2024   |   1 min Read
TMJ News Desk

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം രാഷ്ട്രീയ അനിശ്ചിതത്വത്തിലായി ജപ്പാൻ.  തിരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം നേടാനായില്ല. സർക്കാർ രൂപീകരിക്കാൻ, 465 സീറ്റുകളിൽ 233 സീറ്റുകളാണ് ആവശ്യം.

പ്രധാനമന്ത്രി ഷിഗേരു ഇഷിബ നയിക്കുന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കും(LDP) അവരുടെ സഖ്യകക്ഷികൾക്കും 215 സീറ്റുകളാണ് ലഭിച്ചത്.  അഴിമതിയും, വിലക്കയറ്റം എന്നിവ ഭരണകക്ഷിയായ എൽഡിപിക്കെതിരായ ജനവിധിക്ക് കാരണമായി.

കഴിഞ്ഞ മാസമാണ് ഷിഗേരു ഇഷിബ അധികാരമേറ്റത്. തന്റെ ഭരണകൂടത്തിന്റെ ജനസമ്മതി തെളിയിക്കാനായാണ് ഇഷിബ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തോടെ  ഇഷിബയുടെ കണക്കുകൂട്ടലുകൾ തെറ്റി. 

തന്റെ പാർട്ടി തിരഞ്ഞെടുപ്പ് ഫലത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനവിധി വളരെ പരുഷമായതാണെന്നും ഇഷിബ പറഞ്ഞു. എങ്കിലും പ്രധാനമന്ത്രി സ്ഥാനം ഇഷിബ ഒഴിയുമെന്ന സൂചനകൾ ലഭിച്ചിട്ടില്ല. സീറ്റ് ലഭിച്ച മറ്റു ചെറിയ കക്ഷികളെയും ചേർത്ത് സർക്കാർ രൂപീകരിക്കാൻ എൽഡിപി ശ്രമിക്കും. 15 വർഷത്തിൽ ആദ്യമായാണ് എൽഡിപിക്ക് കേവല ഭൂരിപക്ഷം നഷ്ടമാവുന്നത്.

തിരഞ്ഞെടുപ്പിന് മുൻപേ എൽഡിപിക്കും, എൽഡിപിയുടെ സഖ്യകക്ഷിയായ കോമെയ്റ്റോയ്ക്കും 279 സീറ്റുകളുണ്ടായിരുന്നു. ഇതിൽ എൽഡിപിക്ക് മാത്രം 247 സീറ്റുകളാണുണ്ടായിരുന്നത്. ഇത്തവണ എൽഡിപിക്ക് 191 സീറ്റുകളാണ് ലഭിച്ചത്. 2009നു ശേഷമുള്ള എൽഡിപിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും മോശം തിരഞ്ഞെടുപ്പ് ഫലം കൂടെയാണിത്. പ്രധാന പ്രതിപക്ഷമായ കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാന്(സിഡിപിജെ) സീറ്റുകളുടെ എണ്ണം കഴിഞ്ഞ തവണത്തെ 98ൽ നിന്നും 148 ആക്കി ഉയർത്താനായി. ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാതെയാക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും, അതിൽ തങ്ങൾ വിജയിച്ചുവെന്നും സിഡിപിജെ നേതാവ് യോഷിഹിക്കോ നോദ പറഞ്ഞു.

വിലക്കയറ്റം രൂക്ഷമായതും, അഴിമതിയും, ജാപ്പനീസ് കറൻസിയായ യെനിന്റെ മൂല്യമിടിഞ്ഞതും എൽഡിപിക്കെതിരായ ജനവിധിക്ക് കാരണമാണ്. കണക്കിൽപ്പെടാത്ത അനേക മില്യൺ ഡോളറിന്റെ രാഷ്ട്രീയ സംഭാവന എൽഡിപിയിലെ സഭാംഗങ്ങളും മറ്റു നേതാക്കളും സ്വീകരിച്ചത് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ വലിയ ജനരോഷമാണുണ്ടായത്.

മുൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ചില ക്യാബിനെറ്റ് മന്ത്രിമാരെയും, എൽഡിപിയിലെ ചില വിഭാഗങ്ങളെയും പുറത്താക്കി മുഖം രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. രാജി വെക്കണമെന്ന് ആവശ്യം ശക്തമായപ്പോൾ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഓഗസ്റ്റിൽ കിഷിദ പ്രഖ്യാപിച്ചു. തുടർന്നാണ് സെപ്റ്റംബറിൽ ഷിഗേരു ഇഷിബ പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്.




#Daily
Leave a comment