
ജപ്പാന് വയസ്സാകുന്നു, ജനസംഖ്യ മൂന്നിലൊന്ന് 65 വയസ്സിന് മുകളിലുള്ളവര്‍
ജപ്പാനിലെ വൃദ്ധരുടെ ജനസംഖ്യ 36.25 ദശലക്ഷമായി ഉയര്‍ന്നതായി കണക്കുകള്‍. 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം മൊത്തം ജാപ്പനീസ് ജനസംഖ്യയുടെ 30 ശതമാനത്തോളം വരുമെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.
ജനസംഖ്യയുടെ 29.3 ശതമാനം വാര്‍ധക്യത്തിലെത്തിയവരാണെന്ന് ജപ്പാനിലെ ആഭ്യന്തര, വാര്‍ത്താവിനിമയ മന്ത്രാലയം പറഞ്ഞു, വാര്‍ദ്ധക്യത്തിലെത്തിയവരുടെ ജനസംഖ്യ കണക്ക് പ്രകാരം മൊത്തം 100,000-ത്തിലധികം ജനസംഖ്യയുള്ള മറ്റേതൊരു രാജ്യത്തേക്കാളും പ്രദേശത്തേക്കാളും ഉയര്‍ന്ന അനുപാതമാണിത്.
65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ ഏകദേശം 20.53 ദശലക്ഷം സ്ത്രീകളും 15.72 ദശലക്ഷം പുരുഷന്മാരുമാണ്, മന്ത്രാലയം പുറത്തുവിട്ട കണക്കകുള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 9.14 ദശലക്ഷം വയോധികര്‍ക്ക് ജോലി ലഭിച്ചതായും കണക്കുകള്‍ കാണിക്കുന്നു. ഈ കണക്ക് പ്രകാരം രാജ്യത്തെ ഏഴ് ജീവനക്കാരില്‍ ഒരാള്‍ വാര്‍ധക്യത്തിലെത്തിയ വ്യക്തിയാണ്.
ജനസംഖ്യാപരമായ പ്രതിസന്ധിയിലാണ് ജപ്പാന്‍, ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണം കുറയുന്നുവെന്നതും പ്രായമായവര്‍ക്കുള്ള ആരോഗ്യ സംരക്ഷണവും ക്ഷേമ ചെലവുകളും വര്‍ദ്ധിക്കുന്നു എന്നതുമാണ് ഈ പ്രതിസന്ധിയുടെ കാരണം.
ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് വരെയുള്ള വര്‍ഷത്തിലെ പ്രാഥമിക കണക്ക് പ്രകാരം ജപ്പാനിലെ ജനസംഖ്യ 595,000 ആയി കുറയും, തുടര്‍ച്ചയായ 13-ാം വര്‍ഷമാണ് ജനനനിരക്കില്‍ ജപ്പാന്‍ ഇടിവ് രേഖപ്പെടുത്തുന്നത്.
ടോക്കിയോ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് പ്രവചിക്കുന്നത് 2040-ഓടെ രാജ്യത്തെ ജനസംഖ്യയുടെ 34.8 ശതമാനം പ്രായമായവരായിരിക്കും എന്നാണ്.
ടോക്കിയോയിലെ തിങ്ക് ടാങ്കായ റിക്രൂട്ട് വര്‍ക്ക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ജനസംഖ്യ കുറയുന്നതിനാല്‍ 2040 ഓടെ ജപ്പാനില്‍ 11 ദശലക്ഷത്തിലധികം തൊഴിലാളികളുടെ കുറവ് നേരിടേണ്ടിവരുമെന്നും പറയുന്നു.