TMJ
searchnav-menu
post-thumbnail

ഫുമിയോ കിഷിദ | Photo: PTI

TMJ Daily

അധിനിവേശത്തിൽ ഖേദം പ്രകടിപ്പിച്ച് ജപ്പാൻ പ്രധാനമന്ത്രി; രാജ്യസുരക്ഷയ്ക്ക് ഒന്നിക്കാൻ ജപ്പാൻ-ദക്ഷിണ കൊറിയ

08 May 2023   |   3 min Read
TMJ News Desk

ക്ഷിണ കൊറിയൻ ജനതയ്ക്ക് നേരെയുള്ള ജപ്പാന്റെ കോളനി അധിനിവേശത്തിൽ ഖേദം പ്രകടിപ്പിച്ച് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്ക് യോളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജപ്പാന്റെ ഭാഗത്തുനിന്നുള്ള ഖേദപ്രകടനം നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മിൽ ദശാബ്ദങ്ങളോളം നീണ്ടുനിന്ന അടിച്ചമർത്തലുകൾക്കും പ്രതിഷേധങ്ങൾക്കും പരിഹാരം കണ്ടെത്തി, ഉത്തര കൊറിയയുടെ ആണവ വെല്ലുവിളികൾ പോലെ ഉയർന്നു വരുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ഒന്നിച്ച് അഭിമുഖീകരിക്കുന്നതിനുള്ള കൂടിക്കാഴ്ചയാണ് നടത്തിയത്. രണ്ട് മാസത്തിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. എന്നാൽ 1910 മുതൽ 1945 വരെ ജപ്പാൻ നടത്തിയ അധിനിവേശ പ്രവർത്തനങ്ങൾക്കെതിരെ കൊറിയയിൽ ഇപ്പോഴും പ്രതിഷേധം ശക്തമാണ്. വേണ്ട നടപടികൾ സ്വീകരിക്കാതെ ജപ്പാനുവേണ്ടി ഇളവുകൾ നല്കിയെന്ന വിമർശനം പ്രസിഡന്റ് യൂണിനെതിരെ ഉയർന്നിരുന്നു. ജപ്പാൻ സർക്കാർ മാപ്പ് പറയണമെന്ന കൊറിയൻ ജനതയുടെ ആവശ്യത്തെ തുടർന്ന് ഖേദപ്രകടനം നടത്തി രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഞായറാഴ്ചയാണ് കൊറിയയിൽ എത്തിയത്. മാർച്ച് പകുതിയോടെ യൂൻ സുക്ക് ജപ്പാൻ സന്ദർശിച്ചിരുന്നു. 12 വർഷങ്ങൾക്കു ശേഷമുളള പുതിയ നീക്കങ്ങൾ ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. യൂനുമായുള്ള ഉച്ചകോടിക്ക് മുമ്പായി കിഷിദയും ഭാര്യ യുക്കോ കിഷിദയും സിയോളിലെ ദേശീയ സ്മാരകം സന്ദർശിച്ചു. 12 വർഷത്തിനിടെ ഇവിടം സന്ദർശിക്കുന്ന ആദ്യത്തെ ജപ്പാൻ പ്രധാനമന്ത്രിയാണ് കിഷിദ.

മുറിവുണങ്ങാതെ ചരിത്രം

1910 മുതൽ ജപ്പാന്റെ അധീനതയിലായിരുന്നു കൊറിയ. ആ കാലങ്ങളിൽ ജപ്പാന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറികളിലും ഖനികളിലും കൊറിയൻ ജനതയെ അടിമകളാക്കി ജോലിചെയ്യാൻ ജപ്പാൻ സൈന്യം നിർബന്ധിച്ചു. കൂടാതെ കൊറിയൻ പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗിക അടിമകളാക്കി രാജ്യത്ത് നിന്ന് കടത്തി. ജപ്പാൻ സൈന്യത്തിനായുള്ള വേശ്യാലയങ്ങളിലേയ്ക്ക് പതിനായിരക്കണക്കിന് സ്ത്രീകളെയാണ് അടിമകളാക്കി കൊണ്ടുപോയത്. ഇങ്ങനെ ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത അതിക്രമങ്ങളാണ് അതിർത്തികൾ പങ്കിടുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ളത്. കൊറിയയ്ക്ക് മേലുള്ള ജപ്പാന്റെ ഭരണമവസാനിച്ചത് 1945ലെ രണ്ടാം ലോകയുദ്ധത്തിലെ ജപ്പാന്റെ തോൽവിയോടു കൂടിയാണ്. പിന്നെയും 20 വർഷങ്ങൾക്ക് ശേഷം, 1965ലാണ്, ഇരു രാജ്യങ്ങളും മൗനം വെടിഞ്ഞ് ഒത്തു തീർപ്പ് ചർച്ചകൾക്ക് തുടക്കമിട്ടത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ലക്ഷക്കണക്കിന് ഡോളർ മൂല്യം വരുന്ന ലോണുകളും ഗ്രാന്റുകളും ഇരു രാജ്യങ്ങളും കൈമാറി. ഏകദേശം 800 മില്യൺ ഡോളറാണ് കൊറിയയിലേയ്ക്ക് സാമ്പത്തിക സഹായമായി ജപ്പാൻ നല്കിയത്. പിന്നീടും കൊറിയ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന അവസരങ്ങളിലെല്ലാം മതിയായ തുക നല്കിയെന്നുള്ള ജപ്പാന്റെ മറുപടിയും അവരുടെ സൗഹൃദം ഇല്ലാതാക്കി.

തുടർന്ന്, 2018 ൽ കൊളോണിയൽ കാലത്തെ നിർബന്ധിത തൊഴിലാളികളിൽ ജീവിച്ചിരുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ ജപ്പാന്റെ രണ്ട് കമ്പനികളോട് ദക്ഷിണ കൊറിയയിലെ കോടതി വിധി പ്രസ്താവിച്ചു. എന്നാൽ 1965ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായപ്പോൾ നഷ്ടപരിഹാരം നൽകിയിരുന്നുവെന്ന ജപ്പാന്റെ വാദം ഇരു രാജ്യങ്ങളും തമ്മിൽ വീണ്ടും നീരസത്തിനിടയായി. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടിയായാണ് ഇപ്പോഴത്തെ കൂടിക്കാഴ്ച.

ഭീഷണിയായി ചൈന, ഉത്തരകൊറിയ

ചരിത്രത്തിലെ മുറിപ്പാടുകളെ മുൻനിർത്തി മുന്നോട്ടു പോകുന്നതിൽ കാര്യമില്ലെന്നായിരുന്നു ജപ്പാന്റെ നിലപാട്. അടുത്തനാൾ വരെ ഇതിനെ എതിർത്തിരുന്ന ദക്ഷിണ കൊറിയ ഇപ്പോൾ യോജിക്കുന്ന സമീപനമാണ് കാണാനാവുക. വർധിച്ചുവരുന്ന ചൈനീസ് സ്വാധീനവും ഉത്തരകൊറിയയുടെ ആണവ ഭീഷണികളെയും നേരിടുന്നതിന് ഇരു രാജ്യങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ മാർഗതടസ്സമായിരുന്നു. ഭീഷണികൾക്കെതിരെ ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നതിന് അമേരിക്കയും രംഗത്തുണ്ട്.  

ഇതിനെത്തുടർന്നാണ്, മാർച്ചിൽ ജപ്പാന്റെ കമ്പനികളോട് സാമ്പത്തികം ആവശ്യപ്പെടാതെ നിർബന്ധിത തൊഴിലാളികൾക്ക് നഷ്ടപരിഹാരം നല്കാൻ പ്രാദേശിക ഫണ്ടുകൾ ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചാണ് കൊറിയൻ പ്രസിഡന്റ് ജപ്പാൻ സന്ദർശിച്ചത്. സന്ദർശനത്തിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക ഉപരോധം നീക്കി ബന്ധം പുതുക്കാനും ധാരണയായി. ദക്ഷിണ കൊറിയ-ജപ്പാൻ ബന്ധത്തിലെ ഏറ്റവും മോശമായ നയതന്ത്ര കരാറുകളിലൊന്നായിട്ടാണ് പ്രതിപക്ഷം ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ദക്ഷിണ കൊറിയയുടെ ഈ നിലപാടിനെ ജപ്പാൻ സ്വാഗതം ചെയ്തു. രാജ്യത്തിന് ഭീഷണിയായ ഉത്തരകൊറിയയുടെ ആണവപദ്ധതികളും യുഎസ്- ചൈന തമ്മിലുള്ള പ്രശ്‌നങ്ങൾ, ആഗോള വിതരണ ശൃംഖല നേരിടുന്ന പ്രതിസന്ധികൾ എന്നിവയെ പ്രതിരോധിക്കാൻ ജപ്പാനുമായി കൂടുതൽ സഹകരണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി യൂൻ തന്റെ നീക്കത്തെ ന്യായീകരിച്ചു. ഉത്തരകൊറിയൻ മിസൈൽ പരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വേഗത്തിൽ കൈമാറുന്നതിനുള്ള ഉടമ്പടി നടപ്പാക്കുന്നതിന് സിയോൾ, ടോക്കിയോ വാഷിംഗ്ടൺ എന്നിവിടങ്ങളിൽ ചർച്ചകൾ നടന്നുവരികയാണെന്ന് യൂൻ വെളിപ്പെടുത്തി. ഏപ്രിൽ അവസാനത്തിൽ യൂൻ യുഎസ് സന്ദർശനം നടത്തുകയും ഉത്തരകൊറിയയുടെ ആണവഭീഷണികൾക്കെതിരെ രാജ്യത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തിയിരുന്നു.

ഉത്തരകൊറിയ, ചൈന വിഷയങ്ങൾക്ക് പുറമെ യുക്രൈൻ-റഷ്യ യുദ്ധം എന്നിവ ചർച്ച ചെയ്യുന്നതിനായി ഈ മാസം അവസാനം ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. യൂണിന്റെ ഉച്ചകോടി സന്ദർശനത്തെ ഉറപ്പിച്ചുകൊണ്ട് ഹിരോഷിമയിലെ കൊറിയൻ അണുബോംബിൽ മരിച്ചവർക്കുള്ള സ്മാരകത്തിന് മുന്നിൽ താനും യൂനും ആദരാഞ്ജലികൾ അർപ്പിക്കുമെന്നും കിഷിദ പറഞ്ഞു. മാത്രമല്ല ഫുകുഷിമ ആണവനിലയത്തിൽ പരിശോധന നടത്താൻ കൊറിയൻ വിദഗ്ധരെ ജപ്പാൻ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Daily
Leave a comment