ഫ്യൂമിയോ കിഷിദ | PHOTO: WIKI COMMONS
നോര്‍ത്ത് കൊറിയയുമായി കൂടിക്കാഴ്ചക്കൊരുങ്ങി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ
നോര്‍ത്ത് കൊറിയയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി ജാപ്പനീസ് ഗവണ്‍മെന്റ് അറിയിച്ചു. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താന്‍ കിഷിദ താല്‍പര്യം പ്രകടിപ്പിച്ചതായി തിങ്കളാഴ്ച ഉത്തരകൊറിയ അറിയിച്ചിരുന്നു. ടോക്കിയോ നയങ്ങളില്‍ മാറ്റമില്ലാതെ കൂടിക്കാഴ്ച സാധ്യമാവില്ലെന്ന് നോര്‍ത്ത് കൊറിയ പ്രതികരിച്ചു. ഡമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റേറ്റ് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്താന്‍ കിഷിദ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ദീര്‍ഘകാലമായുള്ള തര്‍ക്കം
1910 നും 1945 നും ഇടയില്‍ കൊറിയന്‍ ഉപദ്വീപില്‍ ജപ്പാന്‍ നടത്തിയ അധിനിവേശം, ജാപ്പനീസ് പ്രദേശത്തിന് മുകളിലൂടെ പ്യോങ്‌യാങ് നടത്തിയ മിസൈല്‍ ആക്രമണം തുടങ്ങി പല പ്രശ്‌നങ്ങളാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ കാലമായി തകര്‍ന്നിരിക്കുകയാണ്. 1970 കളിലും 1980 കളിലും ഉത്തരകൊറിയന്‍ ഏജന്റുമാര്‍ ജാപ്പനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയതും ചാരന്മാരെ ജാപ്പനീസ് ഭാഷയും ആചാരങ്ങളും പരിശീലിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതും ദീര്‍ഘകാലമായി പ്രധാന തര്‍ക്കവിഷയമാണ്. 13 ജാപ്പനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി ഉത്തര കൊറിയ 2002 ല്‍ സമ്മതിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ അഞ്ച് പേരും അവരുടെ കുടുംബവും പിന്നീട് ജപ്പാനിലേക്ക് മടങ്ങി. മറ്റുള്ളവര്‍ മരിച്ചതായാണ് കരുതുന്നത്.
ടോക്കിയോയും പ്യോങ്‌യാങും തമ്മിലുള്ള ബന്ധം മാറ്റാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞവര്‍ഷം ഉത്തരകൊറിയയുടെ നേതാവിനെ യാതൊരു നിബന്ധനകളുമില്ലാതെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും കിഷിദ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തയ്യാറാണെന്നും കിഷിദ പ്രതികരിച്ചു.