TMJ
searchnav-menu
post-thumbnail

ജസ്പ്രീത് ബുമ്ര | PHOTO: WIKI COMMONS

TMJ Daily

ബുമ്ര തിരിച്ചെത്തുന്നു

01 Aug 2023   |   1 min Read
TMJ News Desk

ഗ്യാലറിയില്‍ നിന്ന് ബും ബും ബുമ്ര എന്ന് തുടങ്ങുന്ന ചാന്റുകള്‍ ഇനി വീണ്ടും കേള്‍ക്കാം. പരിക്കുപറ്റി ഒരുവര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു. അയര്‍ലന്‍ഡുമായുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് ബുമ്ര ഉള്‍പ്പെട്ടിരിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനും ബുമ്ര തന്നെയാണ്. 3 മത്സരങ്ങളാണ് ഇന്ത്യ അയര്‍ലന്‍ഡില്‍ കളിക്കുക. ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമായ അയര്‍ലന്‍ഡിനോടുള്ള പര്യടനമായത് കൊണ്ട് തന്നെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു വി സാംസണാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍.

പതിനൊന്ന് മാസത്തിന് ശേഷം പിച്ചിലേക്ക്

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വലം കൈയ്യന്‍ പേസറായിരുന്ന ബുമ്ര അവസാനമായി പിച്ചിലിറങ്ങിയത്. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും വിശ്രമിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡിലായിരുന്നു ശസ്ത്രക്രിയ. ബെംഗളൂരു നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ റിക്കവറി പരിശീലനം ചെയ്തുകൊണ്ടിരിക്കുന്ന താരം കഴിഞ്ഞ വര്‍ഷം ജൂണില്‍ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ടെസ്റ്റ് ടീമിനെ നയിച്ചിരുന്നു. ആദ്യമായാണ് ബുമ്ര ട്വന്റി-20 ടീമിന്റെ ക്യാപ്റ്റനാകുന്നത്. രോഹിത് ശര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങള്‍ ടീമില്‍ ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് ബുമ്രയെ അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് ഒരു മുന്നൊരുക്കമായിട്ട് കൂടിയാണ് ബുമ്രയെ അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ ടീമിന്റെ പ്രധാന ബോളറും ബുമ്ര തന്നെയായിരിക്കും. 

അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

ബുമ്ര ക്യാപ്റ്റനായുള്ള ടീമില്‍ ബാറ്റര്‍ റുതുരാജ് ഗെയിക്വാദ് ആണ് വൈസ് ക്യാപ്റ്റന്‍. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്നത് റുതുരാജാണ്. ഇഷാന്‍ കിഷാന്റെ അഭാവത്തിലാണ് സഞ്ജു വി സാംസണ്‍ ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. ഏറെക്കാലം പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ പ്രസീദ് കൃഷ്ണയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിന് സമാനമായിട്ടുള്ള ടീമിനെയാണ് അയര്‍ലന്‍ഡ് പര്യടനത്തിന് വേണ്ടിയും പ്രഖ്യാപിച്ചിരിക്കുന്നത്.

ടീം: ജസ്പ്രിത് ബുംറ (ക്യാപ്റ്റന്‍), റുതുരാജ് ഗെയിക്ക്വാദ്, യശ്വസി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ്മ, ശിവം ദൂബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസിദ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.


#Daily
Leave a comment