TMJ
searchnav-menu
post-thumbnail

TMJ Daily

മഞ്ഞപ്പിത്തം വ്യാപിക്കുന്നു; വേങ്ങൂരില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

16 May 2024   |   1 min Read
TMJ News Desk

റണാകുളം ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം നിയന്ത്രണാതീതമാകുന്നു. സംഭവത്തില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മൂവാറ്റുപുഴ ആര്‍ഡിഒ ഷൈജു പി ജേക്കബിനാണ് അന്വേഷണ ചുമതല. കുടിവെള്ള വിതരണത്തിലെ അപാകതയാണ് രോഗം പടരാന്‍ കാരണമായി നാട്ടുകാര്‍ ആരോപിക്കുന്നത്. 

ഏപ്രില്‍ 17 നാണ് വേങ്ങൂര്‍ പഞ്ചായത്തില്‍ ഹെപ്പറ്റൈറ്റിസ് എ വ്യാപകമായി പടര്‍ന്നുപിടിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഒരുമാസമായി പെരുമ്പാവൂരിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ആശങ്ക ഉയര്‍ത്തുകയാണ്. രണ്ടുപേര്‍ മരണപ്പെടുകയും 200 ലധികം പേര്‍ക്ക് ഇതുവരെ രോഗം ബാധിക്കുകയും ചെയ്തതായാണ് വിവരം. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് മൂന്നുപേരുടെ കരള്‍ മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണ്. 

വെള്ളത്തിന്റെ ശുചിത്വം സമയാസമയങ്ങളില്‍ പരിശോധിച്ചിട്ടില്ലെന്നും രോഗവ്യാപനം തുടക്കത്തില്‍ തടയാന്‍ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടി എടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മെയ് ഒമ്പതിന് ജില്ലാ കളക്ടര്‍ വേങ്ങൂര്‍ പഞ്ചായത്ത് സന്ദര്‍ശിക്കുകയും ഇവിടുത്തെ വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കിണറും മറ്റും പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അന്വേഷണം. 

മലപ്പുറത്തും രോഗവ്യാപനം 

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് അഞ്ച് മാസത്തിനിടെ എട്ട് പേരാണ് മരിച്ചത്. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ജനിതകമാറ്റം വന്നിട്ടുണ്ടെങ്കില്‍ വൈറസിന്റെ ആക്രമണസ്വഭാവത്തിലും മാറ്റമുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാന്‍ വിപുലമായ കര്‍മപദ്ധതികളാണ് മലപ്പുറത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്നത്.


 

#Daily
Leave a comment