PRAJWAL REVANNA | PHOTO: WIKI COMMONS
ലൈംഗികാതിക്രമ ആരോപണം നേരിടുന്ന പ്രജ്വല്‍ രേവണ്ണയെ സസ്‌പെന്‍ഡ് ചെയ്ത് ജെഡിഎസ്
ലൈംഗികാതിക്രമ ആരോപണം നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജെഡിഎസ്. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പ്രജ്വലിനെതിരെ ഉയര്‍ന്ന ആരോപണം ശക്തമായതോടെ പാര്‍ട്ടി അടിയന്തര യോഗം ചേര്‍ന്നിരുന്നു. ലൈംഗിക പീഡനത്തിനിരയാക്കിയ സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായി ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെ സ്ത്രീകള്‍ ഉള്‍പ്പെട്ട മൂവായിരത്തോളം വീഡിയോകള്‍ പ്രജ്വല്‍ പകര്‍ത്തിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രജ്വല്‍ രേവണ്ണയെ പുറത്താക്കാന്‍ പാര്‍ട്ടി എംഎല്‍എമാരായ ശരണ ഗൗഡ കണ്ടക്കൂര്‍, സമൃദ്ധി വി. മഞ്ജുനാഥ് എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രജ്വല്‍ രേവണ്ണയുടെ പിതാവ് എച്ച് ഡി രേവണ്ണയ്‌ക്കെതിരെയും പീഡനക്കേസെടുത്തിട്ടുണ്ട്. പ്രജ്വലിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീപീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
കര്‍ണാടകയിലെ 14 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് മെയ് 7 നാണ് നടക്കുന്നത്. ഹാസനില്‍ ബിജെപിക്കൊപ്പം സഖ്യം ചേര്‍ന്നായിരുന്നു പ്രജ്വല്‍ സ്ഥാനാര്‍ത്ഥിയായത്. ഏപ്രില്‍ 26 ന് ഹാസന്‍ മണ്ഡലത്തിലുള്‍പ്പെടെ നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ലൈംഗിക വീഡിയോകള്‍ പ്രചരിച്ചിരുന്നു. പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അതിക്രമം നേരിട്ട ഒരു സ്ത്രീ പരാതി നല്‍കി. 2019 മുതല്‍ 2022 വരെ പ്രജ്വല്‍ രേവണ്ണ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി.