JESNA | PHOTO: WIKI COMMONS
ജസ്‌ന തിരോധാന കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ജസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പിതാവ് ജെയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. ജെയിംസ് ജോസഫ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിച്ച ശേഷം പുനരന്വേഷണം ആരംഭിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. പത്തനംതിട്ട വെച്ചുച്ചിറ സ്വദേശിയായ ജസ്‌നയെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. പ്രത്യേക അന്വേഷണസംഘത്തിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം ഫലം കാണാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു.
ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്
പത്തനംതിട്ടയില്‍ നിന്ന് ആറുവര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു. മകളുടെ തിരോധാനത്തില്‍ സംശയമുണ്ടായിരുന്ന അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സി.ബി.ഐ അതേക്കുറിച്ച് അന്വേഷിച്ചില്ലെന്ന് പിതാവ് ആരോപിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിവരങ്ങള്‍ സൂചിപ്പിച്ചിരുന്നത്. ജസ്ന ജീവിച്ചിരിപ്പുണ്ടോ എന്ന സംശയങ്ങള്‍ നിലനില്‍ക്കെയാണ് പിതാവിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. സിബിഐ സംഘം രഹസ്യ സ്വഭാവത്തോടെ അന്വേഷിക്കാന്‍ തയ്യാറാണെങ്കില്‍ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശപ്പിച്ചേക്കുമെന്ന് ഭയക്കുന്നതിനാലാണ് രഹസ്യമായി അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു ജെയിംസ് ജോസഫ് ഹര്‍ജിയില്‍ സൂചിപ്പിച്ചത്. ഇയാളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ വിവരങ്ങള്‍ നല്‍കാമെന്നും മകള്‍ രഹസ്യമായി പ്രാര്‍ത്ഥനയ്ക്ക് പോയ സ്ഥലം താന്‍ കണ്ടെത്തിയെന്നും പിതാവ് വെളിപ്പെടുത്തി. സിബിഐ ജസ്നയുടെ സഹപാഠിയെ മാത്രമാണ് സംശയിച്ചത്, ശരിയായ ദിശയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചില്ല, മകളുടെ മുറിയില്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ച രക്തം പുരണ്ട വസ്ത്രത്തെക്കുറിച്ച് സിബിഐ അന്വേഷിച്ചില്ലെന്നും ജസ്നയുടെ പിതാവ് ആരോപിച്ചു.
ജസ്നയുടെ തിരോധാനം
കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ജസ്‌നയെ കാണാതാകുന്നത്. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞായിരുന്നു ജസ്ന വീട്ടില്‍ നിന്നിറങ്ങിയത്. വീട്ടില്‍ ഉണ്ടായിരുന്ന ജസ്നയുടെ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവുകള്‍ ലഭിച്ചിരുന്നില്ല. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പിതാവ് ജെയിംസ് അടക്കമുള്ള അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. നീണ്ട അന്വേഷണത്തിന് ശേഷം ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് പൊലീസ് പറഞ്ഞെങ്കിലും തെളിവുകള്‍ ഉണ്ടായിരുന്നില്ല. കേസ് പിന്നീട് സിബിഐ യ്ക്ക് കൈമാറുകയായിരുന്നു.