PHOTO: WIKI COMMONS
ജെസ്‌ന തിരോധാനം: കേസ് അവസാനിപ്പിച്ചത് സാങ്കേതികത്വം മാത്രം; സിബിഐയില്‍ പൂര്‍ണവിശ്വാസം
ജെസ്‌ന ജീവിച്ചിരിപ്പുണ്ടെങ്കിലും മരിച്ചെങ്കിലും സിബിഐ സത്യം കണ്ടെത്തുമെന്ന് ക്രൈംബ്രാഞ്ച് മുന്‍ മേധാവി ടോമിന്‍ തച്ചങ്കരി. ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം താല്കാലികമായി അവസാനിപ്പിച്ചുള്ള സിബിഐ റിപ്പോര്‍ട്ട് സാങ്കേതികത്വം മാത്രമാണ്. കേസ് തെളിയിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തച്ചങ്കരി പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജന്‍സിയാണ് സിബിഐ. ഒരു കേസ് ദീര്‍ഘനാളുകളായി അന്വേഷിച്ചിട്ടും തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ താല്കാലികമായി അന്വേഷണം അവസാനിപ്പിക്കും. ക്രൈംബ്രാഞ്ചിലും കേരള പോലീസിലും ഇതു തന്നെയാണ് ചെയ്യുന്നത്. എന്നെങ്കിലും കേസ് സംബന്ധിച്ച തെളിവുകള്‍ ലഭിക്കുമ്പോള്‍ അന്വേഷണം തുടരും.
പ്രതീക്ഷ മങ്ങിയിട്ടില്ല
കൈയെത്തും ദൂരത്ത് ജെസ്‌ന എത്തി എന്നു കരുതിയ സമയത്താണ് കോവിഡ് വരുന്നത്. അന്വേഷണ സംഘം കുമളി, തേനി വഴി തമിഴ്‌നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം കേരളം അടഞ്ഞുകിടന്നു. ഇത് അന്വേഷണത്തെ തകിടംമറിച്ചു. ഈ സമയത്താണ് ജെസ്‌നയുടെ കുടുംബം കോടതിയെ സമീപിച്ച് കേസ് സിബിഐയ്ക്ക് കൈമാറിയത്.
കേസന്വേഷണം സംബന്ധിച്ച് സിബിഐയെ കുറ്റം പറയാനാകില്ല. ജസ്‌ന ജീവിച്ചിരിക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ സിബിഐ കണ്ടെത്തുകതന്നെ ചെയ്യും. തിരോധാനത്തിനു പിന്നില്‍ മതപരിവര്‍ത്തനം നടന്നു എന്ന ആരോപണത്തില്‍ തെളിവുകള്‍ ഇല്ലാത്തതുകൊണ്ട് മതപരിവര്‍ത്തനം നടന്നോ ഇല്ലയോ എന്ന് പറയാന്‍ കഴിയില്ലെന്നും തച്ചങ്കരി പറഞ്ഞു.
കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം
കേസില്‍ തുടരന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്ന് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് പറഞ്ഞു. ഇതിനായി നിയമോപദേശം തേടും. ജെസ്‌നയെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസ് അവസാനിപ്പിച്ചതായി സിബിഐ പറയുന്നതില്‍ നിരാശയുണ്ട്. സൂചനകള്‍ കിട്ടിയാല്‍ അന്വേഷിക്കുമെന്ന് പറഞ്ഞിട്ടുള്ളതില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജെസ്‌നയെ കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെജി സൈമണ്‍ അവകാശപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ജെയിംസ് പറഞ്ഞു. ജെസ്‌നയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണ സംഘം ഇന്നലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2018 മാര്‍ച്ച് 22 നാണ് പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള്ള കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതായത്. മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്‌ന പോയത്. കാണാതാകുമ്പോള്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്നു.