ജിഹാദി ജോണ്‍ | PHOTO: WIKI COMMONS
'ജിഹാദി ജോണി'നെ തടവറയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
'ജിഹാദി ജോണ്‍' എന്നറിയപ്പെടുന്ന ബ്രിട്ടിഷ് റാപ് സംഗീതജ്ഞനെ തടവറയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബെല്‍ മാജിദ് ആബ്ദെല്‍ ബാരി എന്നാണ് ശരിയായ പേര്. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക സ്റ്റേറ്റിന്റെ (ഐഎസ്) പ്രവര്‍ത്തകനാണെന്ന് സംശയിക്കപ്പെടുന്നു. ബീറ്റില്‍സ് എന്ന പേരില്‍ ഐഎസ്സില്‍ അറിയപ്പെടുന്ന ഗ്രൂപ്പിലെ അംഗമായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
സ്‌പെയിനിലെ കാഡിസിലെ എല്‍ പ്യൂര്‍ട്ടോ തടവറയിലാണ് 32 കാരനായ ജിഹാദി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ മാഡ്രിഡിലെ കോടതിയില്‍ വിചാരണ നേരിടുകയായിരുന്നു. സിറിയയില്‍ രൂപീകരിച്ച ഭീകരവാദി സെല്ലിലെ അംഗമായിരുന്നു എന്നാണ് ആരോപണം.
ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ഒന്‍പതു വര്‍ഷത്തെ തടവ് ലഭിക്കുമെന്ന് വിചാരണ വേളയില്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. ജൂലൈ 14 ന് വിചാരണ നടപടികള്‍ പൂര്‍ത്തിയായെങ്കിലും വിധി പുറപ്പെടുവിച്ചിരുന്നില്ല. വിധി വരുന്നതിന് മുന്‍പാണ് മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്.
സ്‌പെയിനിന്റെ തെക്കു-കിഴക്കന്‍ തീരപ്രദേശത്തു നിന്നും 2020 ഏപ്രിലില്‍ ആണ് സ്പാനിഷ് പോലീസ് ഈ റാപ് സംഗീതജ്ഞനെ അറസ്റ്റ് ചെയ്യുന്നത്. രണ്ടു സഹായികളും കൂടെ ഉണ്ടായിരുന്നു. സ്‌പെയിനില്‍ ഒളിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു. ഈജിപ്ഷ്യന്‍ വംശജനായ ബാരി ലണ്ടനില്‍ ആണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. ഐഎസ്സില്‍ അംഗമായെന്ന വാര്‍ത്തകളെ തുടര്‍ന്ന് ബാരിയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദു ചെയ്തിരുന്നു.
സിറിയന്‍ പൗരനായ അഹമ്മദ് മൊഹമ്മദ് അല്‍ ഔലാബി ആണ് എന്നാണ് 2020-ല്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നത്. അമേരിക്കന്‍ പത്ര പ്രവര്‍ത്തകനായ ജെയിംസ് ഫോളിയെ കഴുത്തറുത്തു കൊല ചെയ്ത കേസില്‍ മുഖ്യ പ്രതിയെന്നു ആരോപിക്കപ്പെടുന്ന 'ജിഹാദി ജോണ്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്യക്തി ബാരിയാണെന്ന് പരക്കെ സംശയിക്കപ്പെടുന്നു. ബ്രിട്ടിഷ് ഉച്ചാരണ ശൈലിയുടെ പേരില്‍ ഐഎസ്സില്‍ ബീറ്റില്‍സ് എന്നറിയപ്പെടുന്ന ഗ്രൂപ്പിലെ അംഗമായിരുന്നു.