TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് വിലക്കുമായി ജെഎന്‍യു; വിയോജിപ്പുമായി വിദ്യാര്‍ത്ഥി യൂണിയന്‍ 

12 Dec 2023   |   2 min Read
TMJ News Desk

വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കെതിരെ പുതിയ പെരുമാറ്റ ചട്ടവുമായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. ധര്‍ണ, നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സര്‍വകലാശാല. ഇതിന്റെ ഭാഗമായി ക്യാമ്പസില്‍ സമരം നടത്തിയാല്‍ 20,000 രൂപയും ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയാല്‍ 10,000 രൂപ പിഴയും ഈടാക്കുമെന്ന് പുതുക്കിയ ചട്ടത്തില്‍ പറയുന്നു. 

അക്കാദമിക് കോംപ്ലക്‌സുകള്‍ക്കും ഭരണവിഭാഗം കെട്ടിടങ്ങള്‍ക്കും 100 മീറ്റര്‍ പരിധിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചാലാകും നടപടി ഉണ്ടാകുക. നവംബര്‍ 24 നാണ് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കുള്ള അച്ചടക്ക നിയമങ്ങളും പെരുമാറ്റ ചട്ടങ്ങളും ഉള്‍പ്പെടുന്ന ചീഫ് പ്രോട്ടോകോള്‍ മാനുവല്‍ സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിച്ചത്.

നിരാഹാര സമരം, ധര്‍ണ, മറ്റ് പ്രതിഷേധങ്ങള്‍ നടത്തിയാല്‍ 20,000 രൂപ പിഴ ഈടാക്കും. മുദ്രാവാക്യങ്ങള്‍ ദേശവിരുദ്ധമെന്ന് കണ്ടെത്തിയാല്‍ 10,000 രൂപയും പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവയില്‍ മോശം ഭാഷ ഉപയോഗിച്ചാലോ ജാതീയ-വര്‍ഗീയ വേര്‍തിരിവുകള്‍ നടത്തിയാലും 10,000 രൂപ പിഴ ഈടാക്കും. 

അധികൃതരുടെ അനുവാദമില്ലാതെ ക്യാമ്പസില്‍ നവാഗതര്‍ക്കുള്ള സ്വാഗത പാര്‍ട്ടികള്‍, യാത്രയയപ്പ് പരിപാടികള്‍, ഡിജെ പരിപാടികള്‍ എന്നിവ നടത്തിയാല്‍ 6,000 രൂപയും സര്‍വകലാശാലയ്ക്കുള്ളില്‍ പുകവലിച്ചാല്‍ 500 രൂപയും മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയ്ക്ക് 8,000 രൂപയുമാണ് പിഴ ഈടാക്കുക. സര്‍വകലാശാല അംഗങ്ങളുടെ വസതിക്കു പുറത്തുള്ള പ്രതിഷേധങ്ങള്‍ക്കും വിലക്കുണ്ട്. 

സംസ്‌കാരത്തെ ഇല്ലാതാക്കുന്നു

വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പുതിയ പെരുമാറ്റച്ചട്ടത്തിനെതിരെ സര്‍വകലാശാല യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള സര്‍വകലാശാല അധികൃതരുടെ നീക്കത്തിന്റെ ഭാഗമാണിതെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. ജെഎന്‍യുവിനെ ദശാബ്ദങ്ങളായി നിര്‍വചിക്കുന്ന സജീവ ക്യാമ്പസ് സംസ്‌കാരത്തെ ഇല്ലാതാക്കുന്ന നിര്‍ദേശങ്ങളാണ് മാനുവലിലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ പോലും ഉന്നയിക്കാന്‍ പുതിയ ചട്ടപ്രകാരം കഴിയുകയില്ലെന്നും യൂണിയന്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ പുതുക്കിയ ചട്ടം വേണ്ടരീതിയില്‍ ചര്‍ച്ച ചെയ്തില്ലെന്നും നിയമങ്ങള്‍ പ്രസിദ്ധീകരിക്കും മുമ്പുള്ള നടപടികള്‍ പാലിച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അധ്യാപകനുമായ ബ്രഹ്‌മ പ്രകാശ് സിങ് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചിലും സമാനമായ വിജ്ഞാപനം ജെഎന്‍യു അധികൃതര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജ്ഞാപനം പിന്‍വലിക്കുകയായിരുന്നു. ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന നിയമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് സര്‍വകലാശാലയുടെ വാദം.


#Daily
Leave a comment