Representational image: Pexels
സന്ദര്‍ശക വിസയില്‍ ജോലി തിരയുന്നത് അനുവദനീയം: യുഎസ്
ബിസിനസ്സ് വിസയിലും, സന്ദര്‍ശക വിസയിലും യുഎസ്സില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ അന്വേഷിക്കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുഎസ്സ് സര്‍ക്കാര്‍. വിസ, കുടിയേറ്റം എന്നിവ കൈകാര്യം ചെയ്യുന്ന യു എസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് (USCIS) ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കിയിരിക്കുന്നത്. കുടിയേറ്റയിതര വിസയില്‍ (Non-immigrant visa) എത്തിയശേഷം ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ നഷ്ടമായവര്‍ക്കും ഈ മാര്‍ഗ്ഗം ഉപയോഗിക്കാമെന്നും യു എസ് സി ഐ എസ് ട്വിറ്ററില്‍ കുറിച്ചു.
കുടിയേറ്റയിതര വിസയില്‍ യുഎസില്‍ എത്തുന്നവര്‍ക്ക് ചില താല്‍ക്കാലിക ജോലികള്‍ ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ട്. പക്ഷെ, ജോലി നഷ്ടമായാല്‍, 60 ദിവസത്തിനകം രാജ്യം വിടണമെന്നാണ് ചട്ടം. എന്നാല്‍, അങ്ങനെയുള്ളവര്‍ക്ക് വിസ തരംമാറ്റി കൂടുതല്‍ കാലം രാജ്യത്ത് താങ്ങാൻ അവസരം നല്‍കുന്നതാണ് ഈ പ്രഖ്യാപനം. എന്നാല്‍, പുതിയ ജോലിയില്‍ പ്രവേശിക്കുന്ന മുറയ്ക്ക് വിസയില്‍ മാറ്റം വരുത്തുന്ന കാര്യം തൊഴില്‍ ദാതാക്കള്‍ ഉറപ്പുവരുത്തണമെന്നും അറിയിപ്പുണ്ട്.
ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ്, ബി1, ബി2 എന്നീ വിസകള്‍, ജോലി ചെയ്യുന്നതിന് അനുവദിക്കുന്ന തരത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ നല്‍കണമെന്നും വകുപ്പ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. അപേക്ഷ തള്ളപ്പെടുന്ന പക്ഷം, അപേക്ഷകന്‍ രാജ്യം വിടുകയും പിന്നീട് തൊഴില്‍ വിസയില്‍ പുനപ്രവേശിക്കുകയും വേണമെന്നും വകുപ്പ് വ്യക്തമാക്കി. യുഎസിലേക്കു കുടിയേറാന്‍ അഗ്രഹിക്കുന്നവര്‍ക്ക് ഈ മാറ്റം കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്ന് കരുതപ്പെടുന്നു.