മയാമിയിലേക്ക് ജോര്‍ദി ആല്‍ബയും
അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കുള്ള താരങ്ങളുടെ ഒഴുക്ക് തുടരുന്നു. സൂപ്പര്‍ താരങ്ങളായ മെസ്സിയും ബുസ്‌കെറ്റ്സും മയാമിയിലെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ ജോര്‍ദി ആല്‍ബയെയും ഇന്റര്‍ മയാമി സൈന്‍ ചെയ്യാനൊരുങ്ങുന്നത്. ഇവര്‍ മൂന്ന് പേരും സ്പാനിഷ് ക്ലബ്ബ് എഫ്.സി ബാഴ്സലോണയില്‍ ഒരുമിച്ച് കളിച്ചവരാണ് എന്നുള്ള പ്രത്യേകത കൂടിയുണ്ട്. ഈ വര്‍ഷമായിരുന്നു ബുസ്‌കെറ്റ്സും ആല്‍ബയും ബാഴ്സലോണയില്‍ നിന്ന് ദീര്‍ഘനാളത്തെ കരിയറിന് ശേഷം വിട പറഞ്ഞത്. ബുസ്‌കെറ്റ്സിനെ കഴിഞ്ഞ ദിവസം ഇന്റര്‍ മയാമി ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. ആല്‍ബയെ ഇന്റര്‍ മയാമി സൈന്‍ ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ഇതിന് മുന്നേ ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴാണ് താരം അമേരിക്കയില്‍ എത്തുമെന്നുള്ള കാര്യം ഏകദേശം ഉറപ്പാകുന്നത്.
മികച്ച ലെഫ്റ്റ് ബാക്ക്
പ്രതിരോധ താരമായിരുന്ന ജോര്‍ദി ആല്‍ബ തന്റെ യൂത്ത് കരിയര്‍ ആരംഭിക്കുന്നത് സ്പെയ്നിലെ ഹോസ്പിറ്റാലെന്‍സ് എന്ന് പേരുള്ള ഒരു പ്രാദേശിക ക്ലബ്ബില്‍ നിന്നാണ്. അവിടെ നിന്നും 1998 ല്‍ ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയില്‍ എത്തിയ ജോര്‍ദി ആല്‍ബ 2005 വരെ അവിടെ തുടര്‍ന്നു. പിന്നീട് സ്പെയ്നിലെ പല ക്ലബ്ബുകളിലായും കളിച്ച ആല്‍ബ 2012 ല്‍ ബാഴ്സലോണയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ലാ മാസിയ പ്രൊഡക്റ്റ് കൂടിയായ താരം ബാഴ്സയില്‍ തിരിച്ചെത്തിയതോടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും പിന്നീട് ടീമിന്റെ പ്രധാന ഘടകമായിത്തീരുകയും ചെയ്തു. ബാഴ്സ അവസാനമായി 2015 ല്‍ ചാമ്പ്യന്‍സ് ലീഗ് നേടുമ്പോള്‍ ടീമില്‍ അംഗമായിരുന്നു ആല്‍ബ. ലോകം കണ്ട മികച്ച ലെഫ്റ്റ് ബാക്കുകളിലൊരാളായ ഇദ്ദേഹത്തിന്റെ കളിശൈലി എടുത്ത് പറയേണ്ട ഒന്നാണ്. സ്പീഡ്, വിഷന്‍, പൊസിഷെനിംഗ് എന്നിവയില്‍ അപാരമായ മികവ് പുലര്‍ത്തുന്ന താരമാണ് ആല്‍ബ. താരത്തിന്റെ മെസ്സിയുമായുള്ള ലിങ്ക് അപ്പ് പ്ലേയ് ഒരുപാട് മനോഹരമായ ഗോളുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ബാഴ്സ സാമ്പത്തികമായി ഒരുപാട് പ്രശ്നങ്ങള്‍ നേരിടുമ്പോഴും ക്ലബ്ബില്‍ നിന്ന താരം ടീമിനായി നേടാത്ത ട്രോഫികളില്ല. ഈ വര്‍ഷം ലാ മാസിയയില്‍ നിന്ന് അലസാന്‍ഡോ ബാല്‍ഡേ ഫസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമായതോട് കൂടി ആല്‍ബയുടെ അവസരം കുറഞ്ഞിരുന്നു. പ്രായം കൂടി തന്റെ കളിയെ ബാധിച്ച് തുടങ്ങിയതോടെ ആല്‍ബ ബാഴ്സയോട് വിട പറയുകയായിരുന്നു. ബാഴ്സലോണക്കായി 313 കളികളില്‍ ഇറങ്ങിയ താരം 17 ഗോളുകള്‍ നേടിയിട്ടുണ്ട്.
സ്പാനിഷ് ദേശീയ ടീമിനായി 2011 മുതല്‍ ബൂട്ട് കെട്ടുന്ന ജോര്‍ദി ആല്‍ബ സ്പെയിനിന്റെ വിവിധ യൂത്ത് ടീമുകളുടെയും ഭാഗമായിട്ടുണ്ട്. 2012 ല്‍ സ്പെയ്ന്‍ യൂറോ കപ്പ് നേടുമ്പോള്‍ ടീമില്‍ അംഗമായിരുന്നു. ദേശീയ ടീമില്‍ നിന്ന് ബുസ്‌കെറ്റ്സ് വിരമിച്ചതോടെ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയത് ആല്‍ബയായിരുന്നു. ഈ വര്‍ഷം സ്പെയ്ന്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ ടീമിനെ നയിച്ചതും ആല്‍ബ തന്നെ. 93 മത്സരങ്ങളില്‍ ദേശീയ ടീം ജേഴ്സിയണിഞ്ഞ താരം 9 ഗോളുകള്‍ സ്പെയ്നിനായി സ്‌കോര്‍ ചെയ്തു.