TMJ
searchnav-menu
post-thumbnail

TMJ Daily

വയനാട്ടുകാരി ജോഷിത ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് കപ്പ് ടീമില്‍ ഇടംപിടിച്ചു

25 Dec 2024   |   1 min Read
TMJ News Desk

ലേഷ്യയിലെ കോലാലംപൂരില്‍ അടുത്ത മാസം നടക്കുന്ന അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇടംപിടിച്ച് മലയാളി. കേരള വനിതാ ക്രിക്കറ്റിന്റെ ഈറ്റില്ലമായി മാറിക്കൊണ്ടിരിക്കുന്ന വയനാട്ടില്‍ നിന്നും തന്നെയാണ് പുതിയ താരവും ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം നേടിയ ടീമില്‍ അംഗമായിരുന്ന വി ജെ ജോഷിതയാണ് ലോകകപ്പ് ടീമിലും ഇടംപിടിച്ചത്.

ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ചെറിയ സ്‌കോറിനെ പിന്തുടരാനിറങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റിങ് നിരയുടെ തകര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് ആദ്യ വിക്കറ്റ് വീഴ്ത്തിയത് ജോഷിതയാണ്. ഏഷ്യാകപ്പില്‍ ഇന്ത്യ ജേതാക്കളായി.

ഇന്ത്യന്‍ താരങ്ങളായ മിന്നുമണിക്കും സജന സജീവനും സി.എം.സി. നജ്ലയ്ക്കും പിന്നാലെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി വനിതാ ക്രിക്കറ്റ് അക്കാദമിയില്‍നിന്നും ഒരു താരം കൂടി ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്. ആറാം ക്ലാസ് മുതല്‍ ജോഷിത ക്രിക്കറ്റ് കളിക്കുന്നുണ്ട്. കെസിഎയുടെ അണ്ടര്‍ 16 ടീമിലും അണ്ടര്‍ 19 ടീമിലും കേരളത്തിനായി മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. നിലവില്‍ കേരളത്തിന്റെ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ കൂടിയാണ് ജോഷിത. കൂടാതെ, അണ്ടര്‍ 23 ടീമിലും സീനിയര്‍ ടീമിലും അംഗമാണ്.

അടുത്ത വര്‍ഷത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ് ടീം അംഗമാാണ് ജോഷിത. കല്‍പ്പറ്റ സ്വദേശിയായ ജോഷിത കഴിഞ്ഞ ഏഴ് വര്‍ഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.


#Daily
Leave a comment