അമേരിക്ക മാന്ദ്യത്തിലേക്കെന്നു ജെപി മോര്‍ഗന്‍ മുന്നറിയിപ്പ്
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌ഘടനയായ അമേരിക്ക മാന്ദ്യത്തിന്റെ പിടിയില്‍ ആവുന്നതിനെ പറ്റിയുള്ള മുന്നറിയിപ്പുമായി ജെപി മോര്‍ഗന്‍ ചെയ്‌സ്. ലോകത്തിലെ ഏറ്റവും വലിയ ധനകകാര്യ സ്ഥാപനങ്ങളിലൊന്നായ ജെപി മോര്‍ഗന്‍ ചെയ്‌സിന്റെ ആഗോളവിപണികളുടെ ചീഫ് സ്‌ട്രാറ്റജിസ്റ്റായ മാര്‍ക്കോ കൊളാനോവിക് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് എഴുതിയ കുറിപ്പിലാണ് ഈ സൂചന നല്‍കിയത്. ഒരു സോഫ്‌റ്റ് ലാന്‍ഡിംഗിനുള്ള സാധ്യത ഇപ്പോള്‍ വിരളമാണ്. വിമാനം മൂക്കുകുത്തുന്ന അവസ്ഥയില്‍ (വിപണിയിലെ ആത്മവിശ്വാസമില്ലാന്മ) എന്‍ജിനുകള്‍ ഓഫ് ചെയ്യുന്ന സ്ഥിതി (ബാങ്ക് വായ്‌പ).
ഇപ്പോഴത്തെ പ്രതിസന്ധി പടര്‍ന്നു പിടിക്കുന്നത് തടയാന്‍ സെന്‍ട്രല്‍ ബാങ്കുകല്‍ വിജയിച്ചാലും വിപണികളുടെയും റഗുലേറ്റര്‍മാരുടെയും സമ്മര്‍ദ്ദം കണക്കിലെടുക്കുമ്പോള്‍ വായ്‌പയുടെ ലഭ്യത കൂടുതല്‍ കര്‍ക്കശമാവുന്ന സ്ഥിതിയാണെന്നും കുറിപ്പില്‍ വ്യക്തമാക്കി. ഇപ്പോഴത്തെ അവസ്ഥ ഒരു ക്ലാസ്സിക്കല്‍ മിന്‍സ്‌ക്കി മൊമന്റ് ആണെന്നും അവര്‍ പറയുന്നു. ഹെര്‍മന്‍ മിന്‍സ്‌ക്കിയെന്ന പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞന്റെ വിലയിരുത്തലിനെ സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗം. വിപണികളില്‍ ദീര്‍ഘകാലത്തെ വളര്‍ച്ച ഒരു നിശ്ചിതസമയം കഴിഞ്ഞാല്‍ ഐതിഹാസികമായ തകര്‍ച്ചയില്‍ എത്തുമെന്നതാണ് മിന്‍സ്‌ക്കിയുടെ നിഗമനം.
യൂറോപ്പിലും അമേരിക്കയിലും ബാങ്കിംഗ് മേഖലയിലെ തകര്‍ച്ചയും പ്രതിസന്ധിയും, യുക്രൈന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികള്‍, ചൈനയുടെ മധ്യസ്ഥതയില്‍ മുന്നേറുന്ന ഇറാന്‍-സൗദി ചങ്ങാത്തം, ചൈനീസ് നേതാവ് ഷി ജിന്‍പിങ്ങും, റഷ്യ പ്രസിഡണ്ട് വ്ളാഡിമർ പുടിനും തമ്മില്‍ നടന്ന ഉച്ചകോടി തുടങ്ങിയ നിരവധി കാര്യങ്ങള്‍ മിന്‍സ്‌ക്കി മൊമന്റിന്റെ സൂചനകളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. "ദശകങ്ങള്‍ ഒന്നും സംഭവിക്കാതിരിക്കുകയും, ആഴ്‌ച്ചകള്‍ക്കുള്ളില്‍ ദശകങ്ങള്‍ സംഭവിക്കുകയും ചെയ്യുമെന്ന" റഷ്യന്‍ വിപ്ലവത്തിന്റെ ഉപജ്ഞാതാവയ വിഐ ലെനിന്റെ വാക്കുകളും റിപ്പോര്‍ട്ടില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.