Photo: PTI
ജഡ്ജിമാർ ഇന്ത്യാ വിരുദ്ധ സംഘത്തിന്റെ ഭാഗം; കിരൺ റിജിജു
ഇന്ത്യ വിരുദ്ധ സംഘത്തിന്റെ ഭാഗമായി ചില ജഡ്ജിമാർ പ്രവർത്തിക്കുന്നുണ്ടെന്ന് കിരൺ റിജിജു. വിരമിച്ച ജഡ്ജിമാരിൽ ചിലരും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും പ്രതിപക്ഷപാർട്ടികളെ പോലെ ജുഡീഷ്യറിയെ സർക്കാരിനെതിരെ തിരിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും നിയമ മന്ത്രി കിരൺ റിജിജു പറഞ്ഞു. ഡൽഹിയിലെ ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയാണ് മന്ത്രി വിവാധ പരാമർശം നടത്തിയത്. സുപ്രിം കോടതിയിൽ പോയി സർക്കാരിനെ കടിഞ്ഞാണിടണമെന്ന് ചിലർ പറയുന്നു എന്നാൽ അത് നടക്കില്ലെന്നും നീതിന്യായ കോടതികൾ സർക്കാരിനെ നിയന്ത്രിക്കണമെന്ന് ആർക്കും പറയാൻ കഴിയില്ല എന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.
ജഡ്ജിമാർക്കെതിരെയുള്ള കിരൺ റിജിജുവിന്റെ ആരോപണങ്ങളെ പ്രതിപക്ഷം ശക്തമായി എതിർത്തു. ഒരു മന്ത്രിക്ക് ഇത്തരം പ്രസ്താവനകൾ നടത്തി രക്ഷപ്പെടാനാവില്ലെന്നും,കൃത്യമായ തെളിവുകൾ ഹാജരാക്കണമെന്നും തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ എംപി ജവഹർ സിർകാർ പറഞ്ഞു. സിപിഐ എം നേതാവും മുൻ കേരള ധനമന്ത്രിയുമായ തോമസ് ഐസക് 'കിരൺ റിജിജു ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നു അദ്ദേഹം നിയമ മന്ത്രിയോ അതോ നിയമലംഘന മന്ത്രിയോ' എന്ന് വിമർശിച്ചു.