
ജസ്റ്റിസ് നിധിൻ മധുകർ ജാംദർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിധിൻ മധുകർ ജാംദാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തിരുവനന്തപുരത്ത് രാജ് ഭവനിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. നിധിൻ മധുകർ നേരത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ എസ് ജാംദാറിനെ നിയമിക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തിന് നൽകിയിരുന്നു. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിൽ കേന്ദ്രം നേരത്തെ എതിർപ്പറിയിച്ചിരുന്നു. ഇതേ തുടർന്ന് മൂന്ന് ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങളിൽ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തിൽ മാറ്റം വേണ്ടെന്നാണ് തീരുമാനം.
കേരള, മദ്രാസ് ഹൈക്കോടതികൾക്ക് പുറമെ ആറ് ഹൈകോടതികൾക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചിട്ടുണ്ട്. ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് നിയമനം വൈകുന്നതിനെതിരെ ഹർജി അടുത്ത ആഴ്ച്ച സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്രം നിയമന വിജ്ഞാപനം ഇറക്കിയത്.