
ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും ഒഴിവാക്കി
ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും ഒഴിവാക്കി. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് നടപടി സ്വീകരിച്ചത്.
വര്‍മ്മയുടെ വീട്ടില്‍ നിന്നും വന്‍തുക കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ സുപ്രീകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെയാണ് നടപടി. തീരുമാനം ഇന്ന് തന്നെ നിലവില്‍വന്നു.
ഇതേതുടര്‍ന്ന് ഹൈക്കോടതി പുതിയ റോസ്റ്റര്‍ തയ്യാറാക്കി. വര്‍മ്മ വാദം കേട്ടിരുന്ന കേസുകള്‍ ജസ്റ്റിസുമാരായ സുബ്രഹ്‌മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് കൈമാറി. നാളെ മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും.
വില്‍പന നികുതി, ചരക്ക് സേവന നികുതി എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് വര്‍മ്മയുടെ ബെഞ്ച് വാദം കേട്ടിരുന്നത്. വര്‍മ്മയ്ക്ക് ജുഡീഷ്യല്‍ ജോലികള്‍ നല്‍കരുതെന്ന് ശനിയാഴ്ച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിരുന്നു.
പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് കോടതിയിലെ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ജി എസ് സന്താലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ അനു ശിവരാമന്‍ എന്നിവരാണ് വര്‍മ്മയ്‌ക്കെതിരായ അന്വേഷണ കമ്മിറ്റിയിലുള്ളത്.