
കെ ഇ ഇസ്മായിലിന് ആറ് മാസത്തെ സസ്‌പെന്‍ഷന്‍
സിപിഐയില്‍ നിന്നും കെ ഇ ഇസ്മായിലിനെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി തീരുമാനിച്ചു. ദേശീയ നിര്‍വാഹക സമിതി മുന്‍ അംഗവും മുന്‍മന്ത്രിയുമായ ഇസ്മായില്‍ മുന്‍ എംഎല്‍എ പി രാജുവിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ പരസ്യ പ്രതികരണത്തിന്റെ പേരിലാണ് നടപടി.
അടുത്ത മാസം ചേരുന്ന സംസ്ഥാന കൗണ്‍സില്‍ ഈ നടപടി അംഗീകരിച്ചാല്‍ നിലവില്‍ വരും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയതിനാണ് നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, താന്‍ 70 വര്‍ഷമായി സിപിഐക്കാരനാണെന്നും മരിക്കുമ്പോഴും പാര്‍ട്ടിക്കാരനായിരിക്കുമെന്നും കെ ഇ ഇസ്മായില്‍ പ്രതികരിച്ചു.
പി രാജുവിനെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. 75 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ ആകെ 2.30 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ഈ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഈ വിഷയം പരിശോധിക്കാന്‍ സിപിഐ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ കെ ഇ ഇസ്മായില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
രാജു മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തിനെതിരെ രംഗത്തെത്തി.
അച്ചടക്ക നടപടി രാജുവിന് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നും അക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ഇസ്മയില്‍ വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടിയിലെ ചില വ്യക്തികള്‍ രാജുവിനെ ലക്ഷ്യം വച്ചുവെന്നും ഇസ്മായില്‍ പറഞ്ഞു.
ഇസ്മായിലിന്റെ പ്രസ്താവന പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് നടപടി.