
ആര്‍എസ്എസ് എന്താണെന്ന് എന്റെ മക്കളെ പഠിപ്പിച്ചത് കെ ജി മാരാരും പി പി മുകുന്ദനും: മല്ലികാ സുകുമാരന്‍
ആര്‍എസ്എസ് എന്താണെന്ന് എന്റെ മക്കളെ പഠിപ്പിച്ചത് കെ ജി മാരാരും പി പി മുകുന്ദനും: മല്ലികാ സുകുമാരന്‍
എമ്പുരാന്‍ സിനിമ വിഷയത്തില്‍ തുറന്നടിച്ച് മല്ലിക സുകുമാരന്‍. സംവിധായകനും നടനുമായ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്നാണ് മല്ലിക ഇന്ന് വിവിധ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
വലിയ നേതാക്കള്‍ ഞങ്ങള്‍ക്ക് എതിരെ എന്തൊക്കെയോ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നാണ് കേള്‍ക്കുന്നതെന്നും തങ്ങള്‍ക്കൊരു പേടിയുമില്ലെന്നും മല്ലിക മനോരമയോട് പറഞ്ഞു.
പൃഥ്വി ഹിന്ദുക്കള്‍ക്കെതിരാണെന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. പൃഥ്വി എന്താ ഹിന്ദുവല്ലേ? പൃഥ്വിയെ ആര്‍എസ്എസ് എന്താണെന്ന് പഠിപ്പിച്ചത് ഈ കാണുന്ന ഇപ്പോളത്തെ കുഞ്ഞുപിള്ളേരല്ലെന്ന് മല്ലിക പറഞ്ഞു. ആര്‍എസ്എസ് എന്താണെന്ന് എന്റെ മക്കളെ പഠിപ്പിച്ചത് കെ ജി മാരാര്‍ സാറും പി പി മുകുന്ദന്‍ സാറുമൊക്കെയാണ്. അവര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അങ്ങനെ ആര്‍എസ്എസ് ആവാന്‍ വേണ്ടി പഠിപ്പിച്ചതുമല്ലെന്ന് മല്ലിക വിശദീകരിച്ചു.
ആര്‍എസ്എസ് ആകുക എന്ന് പറഞ്ഞു നള്ളത്തും പൂജപ്പുരയിലെ ശാഖയിലുമൊക്കെ താന്‍ വിട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. അവിടെ പോയാല്‍ വ്യായാമം ഒക്കെ ചെയ്യുന്നതും സൂര്യനമസ്‌കാരം ചെയ്യുന്നതുമൊക്കെ നല്ലതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.
'അന്ന് അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന കുഞ്ഞു പിള്ളേരാ. അന്ന് പോയിട്ടുമുണ്ട്. അന്നുതൊട്ട് ആര്‍എസ്എസിലെ മുതിര്‍ന്ന നേതാക്കന്‍മാരെയൊക്കെ ഞങ്ങള്‍ക്ക് അറിയാം,' മല്ലിക പറഞ്ഞു.
അവരുടെ ഭാഷയ്ക്കും പെരുമാറ്റത്തിനും സഭ്യതയുണ്ട്. ആര്‍എസ്എസ് എന്താണെന്ന് തന്നെയും തന്റെ മക്കളേയും ആരും പഠിപ്പിക്കണ്ടെന്നും അവര്‍ പറഞ്ഞു.
പിണറായിയും നായനാരും കരുണാകരനുമൊക്കെ ബഹുമാനം ലഭിക്കുന്നത് അവര്‍ ജനങ്ങള്‍ക്ക് നന്മ ചെയ്തു എന്നതു കൊണ്ടാണെന്നും അവര്‍ പറഞ്ഞു.