കെ മുരളീധരന്‍ | PHOTO: PTI
തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനായേക്കും, അപ്രതീക്ഷിത മാറ്റം
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അപ്രതീക്ഷിത മാറ്റം. തൃശൂരില്‍ സിറ്റിങ് എം പി ടി എന്‍ പ്രതാപന് പകരം കെ മുരളീധരന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. വടകരയില്‍ കെ മുരളീധരന് പകരം ഷാഫി പറമ്പില്‍ മത്സരിച്ചേക്കും. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തൃശൂരില്‍ ടി എന്‍ പ്രതാപന്റെ സ്ഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പാവുകയും പ്രചാരണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിലവിലെ മാറ്റം. അതേസമയം പാര്‍ട്ടി ആരെ മത്സരിപ്പിച്ചാലും പിന്തുണയുണ്ടാകുമെന്നും പ്രതാപന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്രതീക്ഷിത പേരുകള്‍ പട്ടികയില്‍ ഉണ്ടാകുമെന്ന് കെ സുധാകാരന്‍ നേരത്തെ അറിയിച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിന് ശേഷമാണ് പട്ടിക സംബന്ധിച്ച തീരുമാനങ്ങള്‍ പുറത്തുവരുന്നത്. എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സോണിയ ഗാന്ധി, ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശി തരൂര്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
മുരളീധരന്‍ മികച്ച നേതാവെന്ന് ടി എന്‍ പ്രതാപന്‍
പ്രചാരണങ്ങളെല്ലാം സ്വാഭാവികമെന്നും തൃശൂരില്‍ ആര് മത്സരിച്ചാലും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ടി എന്‍ പ്രതാപന്‍ പ്രതികരിച്ചു. കേരളത്തിലെ മികച്ച കോണ്‍ഗ്രസ് നേതാക്കന്മാരില്‍ ഒരാളാണ് കെ മുരളീധരനെന്നും ലീഡര്‍ കെ കരുണാകരന്റെ മകനായതുക്കൊണ്ട് തന്നെ അതിന്റെ എല്ലാ നേതൃത്വ ഗുണങ്ങളും മുരളീധരനുണ്ടെന്നും പ്രതാപന്‍ പറഞ്ഞു. തൃശൂര്‍ ഒരു കാരണവശാലും ബിജെപിക്കും എല്‍ഡിഎഫിനും വിട്ടുകൊടുക്കില്ലെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.