
കെ സുധാകരനെ മാറ്റുന്നത് മാധ്യമ സൃഷ്ടി: കെ സി വേണുഗോപാല്‍
കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും കെ സുധാകരനെ മാറ്റുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും കോണ്‍ഗ്രസില്‍ നടക്കുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഇന്ന് പുതിയെ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.
ഇന്ന് വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത് കെ സുധാകരനെ മാറ്റുന്ന കാര്യമല്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
തിങ്കളാഴ്ച തന്നെ തീരുമാനമുണ്ടാകുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
അധ്യക്ഷ പദവി ഒഴിയില്ലെന്നും കോണ്‍ഗ്രസിലെ മറ്റൊരു ഗ്രൂപ്പ് നേതാവാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ഇന്നലെ സുധാകരന്‍ പറഞ്ഞിരുന്നു. തനിക്ക് അനാരോഗ്യമുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ഈ നേതാവാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.
വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചിരുന്നു.
'ഇന്ന് എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടിയെ സംബന്ധിച്ച തീരുമാനങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കും. കര്‍ണാടകയില്‍നിന്ന് ഒരു പ്രസിഡന്റ് വന്ന പാര്‍ട്ടിയുടെ കാര്യം നിങ്ങള്‍ ചര്‍ച്ച ചെയ്യാതെ കോണ്‍ഗ്രസിനെ കുറിച്ച് മാത്രം പറയുന്നതെന്താ? എന്ത് തീരുമാനമുണ്ടായാലും അറിയിക്കും. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരല്ല. രാഹുല്‍ ഗാന്ധിയെ എല്ലാ ദിവസവും കാണുന്നതല്ലേ.. കേരളത്തിലെ കാര്യം മാത്രമല്ല ചര്‍ച്ച ചെയ്യാനുള്ളത്. പാര്‍ട്ടിയുടെ സിസ്റ്റം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കൂ. തിങ്കളാഴ്ച പ്രഖ്യാപനമുണ്ടാകുമെന്ന് മാധ്യമങ്ങള്‍ തെറ്റായി പറയുന്നതാണ്. കോണ്‍ഗ്രസിനെ മാധ്യമവിചാരണ നടത്തുന്നത് ശരിയല്ല,' വേണുഗോപാല്‍ പറഞ്ഞു.


