
ഉപതിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ സുരേന്ദ്രൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പിലുണ്ടായ തോൽവിയിൽ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അധ്യക്ഷ സ്ഥാനം രാജി വെക്കും എന്ന അഭ്യുഹങ്ങൾക്കിടെ, സുരേന്ദ്രൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ജയ-പരാജയങ്ങളുടെ പൂർണ ഉത്തരവാദിത്തം എനിക്കാണ്. അധ്യക്ഷ സ്ഥാനത്തിന്റെ കാലാവധി തീരും വരെ ആ പദവി തുടരണോ അതോ ഒഴിയണോ എന്ന കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. കേന്ദ്രത്തിന്റെ ഏത് അഭിപ്രായവും താൻ സ്വീകരിക്കുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വയനാട്, പാലക്കാട്, ചേലക്കര എന്നീ സ്ഥലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണവും മറ്റും സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ തന്റെ മേൽനോട്ടത്തിലുള്ളതാണെന്നും, അതിനാൽ അവിടെ നടന്ന എല്ലാത്തിന്റെയും പൂർണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായും സുരേന്ദ്രൻ പറഞ്ഞു. എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് ഓഡിറ്റ് ചെയ്യപ്പെടണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ഉപതിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളായി മൂന്നുപേരുടെ പട്ടിക അയച്ചിരുന്നുവെന്ന്, പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് നഗരസഭാ അധ്യക്ഷയും ബിജെപി നേതാവുമായ പ്രമീള ശശിധരന്റെ വിമർശനത്തിന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. എല്ലാവരെയും കണ്ട് അഭിപ്രായം ചോദിച്ചറിഞ്ഞാണ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.