മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും
സംസ്ഥാന മന്ത്രിസഭയിലെ പുതിയ അംഗങ്ങളായി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെബി ഗണേഷ്‌കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാമചന്ദ്രന്‍ കടന്നപ്പള്ളി സഗൗരവത്തിലും ഗണേഷ് കുമാര്‍ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു.
ഇടതുമുന്നണിയുടെ മുന്‍ ധാരണപ്രകാരം മന്ത്രിസ്ഥാനത്ത് രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവച്ച ഒഴിവിലാണ് ഇരുവരും മന്ത്രിമാരായത്. ഇവര്‍ക്കുപകരമായി കേരള കോണ്‍ഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറിനെയും കോണ്‍ഗ്രസ് എസിന്റെ രാമചന്ദ്രന്‍ കടന്നപ്പള്ളിയെയും മന്ത്രിമാരാക്കാന്‍ മുന്നണി തീരുമാനിക്കുകയായിരുന്നു.
പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിച്ച് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കും. രണ്ടു മന്ത്രിമാരുടെയും വകുപ്പുകളില്‍ മാറ്റമുണ്ടാകാനിടയില്ലെന്നാണ് സൂചന. സത്യപ്രതിജ്ഞാ ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു പങ്കെടുത്തില്ല. പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് പങ്കെടുത്തത്.
കലിപ്പില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും
തുറന്ന പോരാട്ടത്തിനു ശേഷം ഗവര്‍ണറും മുഖ്യമന്ത്രിയും ഒരേ വേദി പങ്കിട്ട ചടങ്ങായിരുന്നു. ചടങ്ങുകള്‍ക്കുശേഷം മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതെ ഗവര്‍ണര്‍ കടന്നുപോയി. വേദിയിലിരുന്ന മുഖ്യമന്ത്രിയും ഗവര്‍ണറെ ശ്രദ്ധിച്ചില്ല. സത്യപ്രതിജ്ഞയ്ക്കുശേഷം ഗവര്‍ണറുടെ ചായസത്കാരത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ല. എകെ ശശീന്ദ്രനും പുതിയ മന്ത്രിമാരായ സത്യപ്രതിജ്ഞ ചെയ്ത ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മാത്രമാണ് ചായസത്കാരത്തില്‍ പങ്കെടുത്തത്.