
കൈലാഷ് ഗെലോട്ട് ബിജെപിയില്‍ ചേര്‍ന്നു
ആം ആദ്മി പാര്‍ട്ടിയിലും (എഎപി) ഡല്‍ഹി മന്ത്രിസഭയില്‍ നിന്നും ഇന്നലെ രാജി വച്ച കൈലാഷ് ഗെലോട്ട് ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. എഎപി-യിലെ പ്രമുഖ ജാട്ട് നേതാവായ ഗെഹ്ലോട്ട് അരവിന്ദ് കെജരിവാളിന് ഇന്നലെ വിമര്‍ശിച്ചിരുന്നു. 'ഞങ്ങള്‍ ഇപ്പോഴും 'ആം ആദ്മി' ആണെന്ന് എല്ലാവര്‍ക്കും സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഗെലോട്ടിന്റെ തീരുമാനത്തിന് പിന്നിലെന്ന് എഎപി ആരോപിച്ചു. ഗെലോട്ടിന്റെ രാജി 'ബിജെപി ഗൂഢാലോചനയുടെ' ഭാഗമാണെന്നും പാര്‍ട്ടി പറഞ്ഞു. 'കൈലാഷ് ഗെലോട്ടിനെ ഇഡിയും ആദായനികുതി വകുപ്പും നിരവധി തവണ റെയ്ഡ് ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷമായി അദ്ദേഹം സര്‍ക്കാരിന്റെ ഭാഗമായിരുന്നു, ബിജെപി അദ്ദേഹത്തിനെതിരെ തുടര്‍ച്ചയായി ഗൂഢാലോചന നടത്തുകയായിരുന്നു, ബിജെപിക്കൊപ്പം പോകുകയല്ലാതെ അദ്ദേഹത്തിന് മറ്റ് മാര്‍ഗമില്ലായിരുന്നു,' എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.
ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് മാറി സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിലേക്ക് പാര്‍ട്ടി മാറിയെന്ന് കത്തില്‍ കൈലാഷ് ഗെലോട്ട് ആരോപിച്ചിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കാനുള്ള പാര്‍ട്ടിയുടെ കഴിവിനെയും ഇത് ബാധിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ ഭരണക്കാലം മുഴുവന്‍ കേന്ദ്രവുമായുള്ള പോരാട്ടത്തിന്
ഉപയോഗിച്ചാല്‍ പുരോഗതിയുണ്ടാവാന്‍ യാതൊരു സാധ്യതകളും കാണുന്നില്ലെന്ന് കത്തില്‍ പറഞ്ഞു.
ആംആദ്മി പാര്‍ട്ടി ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നുവെന്ന ആരോപണവും ഗെലോട്ട് ഉന്നയിച്ചിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാളിനും മന്ത്രി അതിഷിക്കുമാണ് ഗെലോട്ട് രാജിക്കത്ത് അയച്ചത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നാണ് പ്രധാനമായും രാജിക്കത്തില്‍ പറയുന്നത്. യമുന നദി ശുചീകരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും കത്തിലുണ്ട്. അതേസമയം അരവിന്ദ് കെജരിവാളിന്റെ പുതിയ ഔദ്യോഗിക ബംഗ്ലാവുമായി ബന്ധപ്പെട്ട വിവാദങ്ങളും കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.