കലാഭവൻ നവാസിന്‍റെ പോസ്റ്റുമോർട്ടം ഇന്ന്
കലാഭവൻ നവാസിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും. ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടിലെന്ന് ചോറ്റാനിക്കര പൊലീസ് വ്യക്തമാക്കിയിരുന്നു.
‘പ്രകമ്പനം’ എന്ന സിനിമ ചിത്രീകരണത്തിനായി ചോറ്റാനിക്കരയിലെ ഹോട്ടലിൽ ആയിരുന്നു താമസം. വീട്ടിലേക്ക് മടങ്ങി പോകാൻ ഇരിക്കെയാണ് മരണം.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നവാസ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറി ചെക്ക്ഔട്ട് പറഞ്ഞിരുന്നു. മുറിയിലേക്ക് പോയി മണിക്കൂറുകൾ കഴിഞ്ഞും തിരിച്ച് വരാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ മുറിയിലേക്ക് പോയി നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ നവാസിനെ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആലുവ ടൗൺ ജുമാമസ്ജിദിൽ വൈകുന്നേരം നാല് മണി മുതൽ അഞ്ചര വരെ പൊതുദർശനം നടക്കും, ശേഷം ഖബറടക്കും.


