TMJ
searchnav-menu
post-thumbnail

പ്രൊഫ. എം വി നാരായണന്‍ | PHOTO: WIKI COMMONS

TMJ Daily

കാലടി സര്‍വകലാശാല വി സി എം വി നാരായണനെ പുറത്താക്കിയ നടപടി പിന്‍വലിക്കണം; പ്രസ്താവനയിറക്കി അക്കാദമിക് വിദഗ്ധര്‍

16 Mar 2024   |   1 min Read
TMJ News Desk

കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും പ്രൊഫ. എം വി നാരായണനെ പുറത്താക്കിയതിനെതിരെ പ്രസ്താവനയുമായി അക്കാദമിക് വിദഗ്ധര്‍. വൈസ് ചാന്‍സലറെ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതമാണെന്നും നടപടി ഗവര്‍ണര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രസ്താവന. കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫ. ഷെല്‍ഡണ്‍ പൊള്ളോക്ക്, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി പ്രൊഫ. ഉദയകുമാര്‍, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പ്രൊഫ. ജേക്കബ് തരു, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫ. ഡേവിഡ് ലുഡന്‍ തുടങ്ങി ഇന്ത്യയിലെയും വിദേശത്തെയും വിവിധ സര്‍വകാലാശാലകളിലെ നൂറ്റിപ്പതിനേഴോളം അക്കാദമിക് വിദഗ്ധര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിമര്‍ശനാത്മക നിലപാട് സ്വീകരിച്ചയാളാണ് എം വി നാരായണന്‍. വിദ്യാഭ്യാസ നയത്തിന് പിന്നിലെ രാഷ്ട്രീയ അജണ്ടയ്‌ക്കെതിരെ നിലകൊണ്ടതിനാലാണ് പിരിച്ചുവിടലെന്ന് പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു.

രാജ്യത്തിന്റെ സ്വത്വത്തിനേല്‍ക്കുന്ന പ്രഹരം 

പ്രൊഫ. എം വി നാരായണനെ പുറത്താക്കിയ നടപടി രാജ്യത്തിന്റെ സ്വത്വത്തിനേല്‍ക്കുന്ന പ്രഹരമാണെന്നും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഉപയോഗിക്കുന്നതിന്റെ സൂചനയാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. യുജിസി ചട്ടലംഘനം നടന്നുവെന്നാരോപിച്ച് കാലിക്കറ്റ് സര്‍വകലാശാല വി സി എം കെ ജയരാജിനെയും സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എം വി നാരായണനെയും മാര്‍ച്ച് 8 നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയത്. ഇവരുടെ നിയമനം അസാധുവാക്കികൊണ്ട് ഗവര്‍ണര്‍ ഉത്തരവിറക്കുകയും ചെയ്തു. എം വി നാരായണനെ പുറത്താക്കിയ ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗം പ്രമേയം പാസാക്കിയിരുന്നു. തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും സര്‍വകലാശാലയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ചാണ് അദ്ദേഹത്തെ നിയമിച്ചതെന്നുമാണ് പ്രമേയത്തില്‍ ചൂണ്ടികാട്ടുന്നത്. വി സി സ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ അപ്പീല്‍ നല്‍കാന്‍ 10 ദിവസത്തെ സമയം കോടതി അനുവദിച്ചിരുന്നു.


#Daily
Leave a comment