Photo: PTI
കലാക്ഷേത്ര ലൈംഗീകാതിക്രമം; അന്വേഷിക്കാൻ സ്വതന്ത്ര സമിതി, നാല് അധ്യാപകർക്ക് സസ്‌പെൻഷൻ
ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷന് കീഴിലെ രുക്മിണി ദേവി അരുണ്ഡേൽ കോളേജ് ഓഫ് ഫൈൻ ആർട്‌സ് കേളേജിലെ വിദ്യാർത്ഥികളുടെ ലൈംഗികാതിക്രമ പരാതി അന്വേഷിക്കാൻ സ്വതന്ത്ര അന്വേഷണ സമിതി. പൂർവ വിദ്യാർത്ഥിനിയുടെ പരാതിയിൽ പ്രതികളിലൊരാളായ അസിസ്റ്റന്റ് പ്രൊഫസർ ഹരി പത്മനാഭനെ തിങ്കളാഴ്ച തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തീരുമാനം.
റിട്ടയേർഡ് ജസ്റ്റിസ് കെ കണ്ണനാണ് സ്വതന്ത്ര അന്വേഷണ സമിതിക്ക് നേതൃത്വം നല്കുന്നത്. തമിഴ്‌നാട് മുൻ ഡിജിപി ലതിക ശരൺ, ഡോ. ശോഭ വർത്തമാൻ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
നിലവിലെ സാഹചര്യം വിലയിരുത്താൻ കലാക്ഷേത്ര ബോർഡ് അടിയന്തിരമായി യോഗം ചേർന്നിരുന്നു. ആഭ്യന്തര പ്രശ്‌ന പരിഹാര സമിതി പുനഃസംഘടിപ്പിക്കുക, പുതിയ വിദ്യാർത്ഥി കൗൺസിലറെ നിയമിക്കുക, കലാക്ഷേത്രയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ സ്വതന്ത്ര ഉപദേശക സമിതി രൂപീകരണം എന്നിവയാണ് യോഗത്തിലെടുത്ത തീരുമാനങ്ങൾ. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപനം പ്രതിജ്ഞാബദ്ധരാണെന്നും സുഗമമായ ഒരന്തരീക്ഷം എല്ലാവർക്കും പ്രദാനം ചെയ്യുമെന്നും അധികൃതർ അറിയിച്ചു. കലാക്ഷേത്രയിലെ ലൈംഗീകാതിക്രമ ആരോപണങ്ങൾ വലിയ രീതിയിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഹരി പത്മനാഭനെ കൂടാതെ മൂന്ന് അധ്യാപകരെ കൂടി കലാക്ഷേത്രയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അധ്യാപകരായ സഞ്ജിത് ലാൽ, സായ് കൃഷ്ണൻ, ശ്രീനാഥ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഇവരെ പിരിച്ചുവിടാനുളള നടപടികൾ എടുക്കുന്നതായും കോളജ് അധികൃതർ വെളിപ്പെടുത്തി. കോളേജ് യൂണിയൻ തയാറാക്കിയ കത്തിൽ ഇവരിൽ നിന്ന് വാക്കാലുള്ള ലൈംഗികാധിക്ഷേപവും പീഡനവും നേരിട്ടിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.