PHOTO: WIKI COMMONS
കളമശ്ശേരി സ്‌ഫോടനം; ക്രെഡിറ്റ് പോകാതിരിക്കാന്‍ തെളിവ് സൂക്ഷിച്ചെന്ന് പ്രതി
കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് ആവര്‍ത്തിച്ച് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍. എല്ലാം തനിച്ചാണ് ചെയ്തത്. യഹോവ സാക്ഷികളെ ഒരു പാഠം പഠിപ്പിക്കണം എന്ന് വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്നു. സ്‌ഫോടനം നടത്താന്‍ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. അതിനുവേണ്ടിയാണ് വിദേശത്തു നിന്നും മടങ്ങിയെത്തിയത്. ആ പ്ലാനിങ് നടപ്പാക്കി. നാശനഷ്ടം ഉറപ്പിക്കാനാണ് ഹാളിനുള്ളില്‍ പലയിടത്തായി ബോംബ് വെച്ചത്. സ്‌ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും പോകാതിരിക്കാനാണ് തെളിവുകള്‍ സൂക്ഷിച്ചത് എന്ന് ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസിനോട് പറഞ്ഞു.
സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി തിങ്കളാഴ്ച മരിച്ചു. ഇതോടെ മരണം നാലായി. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന കളമശ്ശേരി സ്വദേശിനി മോളി ജോയ് (61) ആണ് മരിച്ചത്. ലിയോണ പൗലോസ് (55), കുമാരി (53), ലിബിന (12) എന്നിവരാണു നേരത്തെ മരിച്ചത്. 20 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 11 പേര്‍ ഐസിയുവിലാണ്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. സ്‌ഫോടനത്തില്‍ ആദ്യം മരിച്ച ലിയോണയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. സ്‌ഫോടനം നടന്ന് 14 മണിക്കൂറിനു ശേഷമാണ് ലിയോണയെ തിരിച്ചറിഞ്ഞത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അതുകൊണ്ട് തന്നെ ഡിഎന്‍എ പരിശോധന നടത്തി കൃത്യത വരുത്തിയതിന് ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
കേരളത്തെ ഞെട്ടിച്ച സ്‌ഫോടനം
ഒക്ടോബര്‍ 29 ന് രാവിലെ 9.30 ഓടെയാണ് യഹോവ സാക്ഷികളുടെ പരിപാടി നടന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നത്. പുലര്‍ച്ചെ 5 മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ രണ്ട് ബാഗുകളിലായി നാലു ബോംബുകള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിക്കുകയും നാലു സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. ബൈക്കിലാണ് ഇയാള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിയത്. പിന്‍നിരയില്‍ നിന്ന് റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ശേഷം സ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. പല കടകളില്‍ നിന്നായാണ് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ മാര്‍ട്ടിന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. സ്‌ഫോടനം നടത്തിയതിനു ശേഷം ചാലക്കുടിയിലേക്കു കടന്ന പ്രതി കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.